നടൻ രവി മോഹനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ആർതിയുടെ അമ്മ സുജാതാ വിജയകുമാർ. കഴിഞ്ഞദിവസം രവി മോഹൻ വാർത്താസമ്മേളനത്തിൽ ആർതിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് ഇപ്പോൾ സുജാത രംഗത്തെത്തിയിരിക്കുന്നത്. ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുജാത. ആർതിക്കെതിരെ രവി മോഹൻ ഉന്നയിച്ച സൈബർ ആക്രമണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ സുജാത നിഷേധിച്ചു.
മക്കളായ ആരവിനേയും അയാനേയും കാണാൻ പോലും അനുവദിക്കുന്നില്ല എന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് സുജാത പറഞ്ഞു. രവിയുടേയും ആർതിയുടേയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സുജാത മറുപടി നൽകി. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തത് എന്ന് പഴയ ഒരു മാഗസിൻ അഭിമുഖം ചൂണ്ടിക്കാട്ടി സുജാത ചോദിച്ചു. ഒപ്പം, വിവാഹം ചെയ്യാനായി കൈഞരമ്പ് മുറിച്ചത് ആരാണെന്നും അവർ ചോദിച്ചു.
വാർത്താസമ്മേളനത്തിൽ രവി മോഹൻ കൈഞരമ്പ് കാണിച്ചുകൊണ്ട് ആത്മഹത്യയെ കുറിച്ച് സൂചന നൽകിയതിന് മറുപടിയായാണ് സുജാത ഇക്കാര്യം പറഞ്ഞത്. ‘2008-ൽ വികടൻ മാസികയിൽ ഒരു അഭിമുഖം വന്നിരുന്നു. അത് കിട്ടുമോ എന്നാണ് ഞാനിപ്പോൾ അന്വേഷിക്കുന്നത്. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നും ആരാണ് വിവാഹം കഴിക്കാനായി ഞരമ്പ് മുറിച്ചതെന്നും അതിലുണ്ട്.
എന്റെ പേരക്കുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. അവൻ ഈ പ്രശ്‌നങ്ങൾ കാരണം വൈകാരികമായി വലിയ പിരിമുറുക്കമാണ് അനുഭവിക്കുന്നത്. ഈ ചെറുപ്രായത്തിൽ കാണാൻ പാടില്ലാത്ത കാര്യങ്ങൾക്കാണ് അവൻ സാക്ഷിയാകുന്നത്.’ -സുജാത പറഞ്ഞു.






















































