കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തും വിധമുള്ള പുതിയ നിയമവുമായി താലിബാൻ ഭരണകൂടം. പ്രായപൂർത്തിയായ കന്യക വിവാഹത്തെക്കുറിച്ച് അഭിപ്രായം പറയാതെ മൗനം പാലിച്ചാൽ, അതിനെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്നാണ് പുതിയ നിയമത്തിലെ വിവാദ വ്യവസ്ഥ. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ ചട്ടം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവയെക്കുറിച്ചുള്ള നിയമങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്.
ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ ചട്ടം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവയെക്കുറിച്ചുള്ള നിയമങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്.
ശൈശവവിവാഹങ്ങൾക്കും നിയമപരമായ മറയായാണ് പുതിയ നിയമ വ്യവസ്ഥ വിലയിരുത്തപ്പെടുന്നത്. പുതിയ ചട്ടപ്രകാരം പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിൽ അധികാരം നൽകിയിട്ടുണ്ട്. ആർത്തവാരംഭത്തിനുശേഷം പെൺകുട്ടിക്ക് വിവാഹം റദ്ദാക്കാൻ അവസരം ഉണ്ടെങ്കിലും അതിന് താലിബാൻ കോടതിയുടെ അനുമതി നിർബന്ധമാണെന്ന് ചട്ടം പറയുന്നു. എന്നാൽ ഒരു പുരുഷന്റെയോ മുൻപ് വിവാഹിതയായ സ്ത്രീയുടെയോ മൗനം സമ്മതമായി കണക്കാക്കില്ലെന്ന വ്യവസ്ഥയും ഇതിലുണ്ട്.
അതിദാരിദ്ര്യം പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ കടം തീർക്കാനോ സാമ്പത്തിക സഹായം നേടാനോ വേണ്ടി ബാലികമാരെ വിവാഹത്തിന് നൽകുന്ന പ്രവണത നേരത്തെ തന്നെ നിലനിന്നിരുന്നു. പുതിയ നിയമം ഇത്തരം ശൈശവവിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നു. ചില കേസുകളിൽ 500 മുതൽ 3000 ഡോളർ വരെ വാങ്ങി ബാലികമാരെ വിവാഹം കഴിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ചാരിറ്റി സംഘടനയായ ഗേൾസ് നോട്ട് ബ്രൈഡ്സിന്റെ കണക്കുകൾ പ്രകാരം, അഫ്ഗാനിസ്ഥാനിലെ ഏകദേശം മൂന്നിലൊന്ന് പെൺകുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നുണ്ട്. 2021 ഓഗസ്റ്റിൽ അധികാരം തിരികെ പിടിച്ച ശേഷം, താലിബാൻ സ്ത്രീകളുടെയുെം പെൺകുട്ടികളുടെയും വിദ്യാഭ്യാസം, തൊഴിൽ, പൊതുപങ്കാളിത്തം എന്നിവയിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അവകാശ സംഘടനകൾ ഈ വ്യവസ്ഥയെ ലിംഗവിവേചനം എന്ന് വിശേഷിപ്പിച്ചിരുന്നു
റിപ്പോർട്ടുകൾ പ്രകാരം, താലിബാൻ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികമോ മാനസികമോ ആയ അതിക്രമങ്ങൾക്കെതിരെ നടപടി എടുക്കുന്നില്ല. ചില സാഹചര്യങ്ങളിൽ ഭാര്യമാരെ ശാരീരികമായി ശിക്ഷിക്കാൻ പോലും ഭർത്താക്കന്മാർക്ക് ഭരണകൂടം അനുമതി നല്കുന്നുമുണ്ട്.


















































