തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പ് അടങ്ങിയ ‘ദേശാഭിമാനി’ വാരാന്തപ്പതിപ്പ് അവസാന നിമിഷം പിൻവലിച്ച സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന പേരിൽ വി.എസിനെക്കുറിച്ചുള്ള ലേഖനം ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടും വിതരണം ചെയ്യാതിരുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ‘ഈഗോ’ കാരണമാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
വി.എസ് മരിച്ചിട്ടും പിണറായി വിജയന് പക തീരാത്തതുകൊണ്ടാണ് പത്രം വിതരണം ചെയ്യാത്തതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ യഥാർത്ഥ കാരണം മറ്റൊന്നാണെന്നും രാഹുൽ പരിഹസിക്കുന്നു. നാടകകൃത്ത് പുല്ലൻപാറ വിജയനെക്കുറിച്ചുള്ള ഒരു നാടക നിരൂപണത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകിയതാണ് വാരാന്തപ്പതിപ്പ് പിൻവലിക്കാൻ കാരണമായതെന്ന വാർത്തകളെ മുൻനിർത്തിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.
‘കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും ‘കള്ളൻ വിജയൻ’ എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രഫഷണൽ ഈഗോ ശരിയല്ല, മിസ്റ്റർ പിണറായി’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. വി.എസിന്റെ ഒന്നാം ചരമവാർഷികം ജൂലൈ 21-ന് ആചരിക്കാനിരിക്കെ, അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പ് ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പാണ് ദേശാഭിമാനി മാനേജ്‌മെന്റ് വിതരണം ചെയ്യാതെ മാറ്റിവെച്ചത്. സാങ്കേതിക കാരണങ്ങളാൽ പതിപ്പ് പ്രസിദ്ധീകരിക്കാനായില്ലെന്നാണ് പത്രം നൽകിയ വിശദീകരണം. എന്നാൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള നാടക നിരൂപണം അവസാന നിമിഷം വിവാദമായതിനെത്തുടർന്നാണ് അച്ചടിച്ച പതിപ്പ് പൂർണമായി ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

















































