പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ഏറ്റവും വലിയ അബദ്ധമായിരുന്നു എന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനും സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന് കാണിക്കാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ഈ സംഗമം പ്രധാന കാരണമായി മാറിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ഇത്. പാർട്ടിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായി പെട്ടെന്ന് ഇത്തരമൊരു സംഗമം നടത്തിയത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അതുപോലെ പരിപാടിയിൽ അയ്യപ്പന്റേതിനേക്കാൾ വലിയ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ചതും യോഗി ആദിത്യനാഥിന്റെ ആശംസകൾ ഉൾപ്പെടുത്തിയതും തിരിച്ചടിയായി.
മാത്രമല്ല ശബരിമല സ്വർണ്ണക്കൊള്ള വിവാദങ്ങളെ മറികടക്കാൻ സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച ഈ ആഗോള അയ്യപ്പ സംഗമം കൊണ്ട് വിശ്വാസികളെ കൂടെനിർത്താൻ ശ്രമിച്ചപ്പോൾ ഈ പരിപാടി യഥാർഥത്തിൽ പാർട്ടിക്ക് ദോഷകരമായി മാറി. തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
അതുപോലെ ആരോപണവിധേയനായ എ. പത്മകുമാറിനെതിരേ പാർട്ടി കൃത്യമായ നടപടി സ്വീകരിക്കാത്തത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയതായി പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടി. കുറ്റപത്രം വരട്ടെ എന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പാർട്ടി അണികൾക്കോ ജനങ്ങൾക്കോ ബോധ്യപ്പെട്ടില്ലെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. റാന്നി മണ്ഡലത്തിൽ പ്രമോദ് നാരായണന്റെ പരാജയത്തിന് പ്രധാന കാരണം എ. പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടികൾ വൈകിയതാണെന്ന് കേരള കോൺഗ്രസ് എമ്മും വിലയിരുത്തിയിരുന്നു. ഇതിനു സമാനമാണ് പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടേതും.
















































