ആലപ്പുഴ: ടിപ്പർലോറിയുടെ ഉയർത്തിവെച്ചിരുന്ന ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു പതിച്ച് യുവാവിനു ദാരുണാന്ത്യം. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്.
കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ മഹോത്സവത്തിന്റെ സമാപനദിവസമായ വെള്ളിയാഴ്ച രാത്രി 8.30-ഓടെയായിരുന്നു അപകടമുണ്ടായത്. ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറിനിന്നതായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടി ഡംപ് ബോക്സ് താഴേക്കു പതിക്കുകയായിരുന്നു.
ഉടൻതന്നെ പോലീസും നാട്ടുകാരും ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.


















































