സാൻ ഇസിഡ്രൊ (അർജന്റീന): ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ കോടതിയിൽ. മറഡോണയുടെ മരണത്തിൽ ചികിത്സാ പിഴവുകൾ ഉണ്ടായിരുന്നുവെന്നും അത് ഒഴിവാക്കാനാകുമായിരുന്നുവെന്നും താരത്തെ ചികിത്സിച്ചിരുന്ന മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന ഡോക്ടർ മാരിയോ ഷിറ്റർ മൊഴിനൽകി.
കോടതിയിൽ നടന്ന വിചാരണയിലാണ് ഷിറ്റർ നിർണായക പ്രസ്താവന നടത്തിയത്. മാറഡോണയ്ക്ക് മരണത്തിന് മുൻപ് ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ആരോഗ്യനിലയിൽ വലിയ മാറ്റം ഉണ്ടാകുമായിരുന്നെന്നും, മരണ സാധ്യത കുറയ്ക്കാനാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മൂത്രതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ആവശ്യമായ മരുന്ന് മരണത്തിന് രണ്ടുദിവസം മുൻപ് നൽകിയിരുന്നില്ലെന്നും, അത് നൽകിയിരുന്നെങ്കിൽ രോഗനില നിയന്ത്രിക്കാനാകുമായിരുന്നെന്നും മൊഴിയിൽ പറയുന്നു. ഈ വീഴ്ചയാണ് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.
മറഡോണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തതും ഡോക്ടർ മാരിയോ ഷിറ്ററായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ മൊഴിക്ക് കേസിൽ പ്രാധാന്യമുണ്ട്.
2020 നവംബർ 25-നാണ് ലോകഫുട്ബോളിലെ ഇതിഹാസതാരം ഡീഗോ മാറഡോണ മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ മെഡിക്കൽ സംഘത്തിന്റെ ഉത്തരവാദിത്വം പരിശോധിക്കുന്നതാണ് നിലവിലെ നിയമനടപടികൾ.
ഇപ്പോൾ നടന്ന വിചാരണയിൽ, മാറഡോണയ്ക്ക് ലഭിച്ച ചികിത്സയുടെ ഗുണമേന്മ, സമയബന്ധിതമായ ഇടപെടലുകൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രധാനമായി ഉയർന്നത്. മരണത്തിൽ വീഴ്ചയുണ്ടായോ, അതോ അത് ഒഴിവാക്കാനാകുമായിരുന്നോ എന്നത് കോടതി പരിശോധിക്കുന്ന പ്രധാന വിഷയമാണ്.















































