മുംബൈ: മഹാരാഷ്ട്രയിൽ ഭാര്യയുടെ മുന്നിൽ വെച്ച് അപമാനിച്ചതിനെ തുടർന്ന് മാതാപിതാക്കളെ ഉലക്ക പോലുള്ള ആയുധം ഉപയോഗിച്ച് മകൻ തലയ്ക്ക് അടിച്ചുകൊന്നു. ധൂലെയിലെ ഷിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ചന്ദൻ ഇന്ദറാം മഹ്തോ എന്ന യുവാവ് അമ്മ രഞ്ജുദേവി മഹ്തോയേയും അച്ഛൻ ഇന്ദറാം മഹ്തോയേയുമാണ് മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ഇന്നായിരുന്നു ഇവരുടെ മകളുടെ വിവാഹം. അതിൽ പങ്കെടുത്ത ശേഷം മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയ പിന്നാലെ മകനെ ശാസിക്കുകയും മരുമകളുടെ സാന്നിധ്യത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതിൽ കോപാകുലനായ മകൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഉലക്ക ഉപയോഗിച്ച് അമ്മയെയും അച്ഛനെയും ക്രൂരമായി മർദിച്ചതായും തലയ്ക്ക് തലയ്ക്കടിച്ചതായും പോലീസ് പറഞ്ഞു.
സംഭവശേഷം പ്രതിയായ ചന്ദൻ ഇന്ദറാം മഹ്തോ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയൽക്കാർ പിടികൂടി. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.















































