കൊച്ചി: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്ന നിലപാട് ബി.ജെ.പിയുടെ നിലപാടിന് സമാനമാണെന്ന് മുൻമന്ത്രി പി. രാജീവ് ആരോപിച്ചു. വഖഫ് ബോർഡിൽ മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ ആ വിശ്വാസത്തിലുള്ളവർ മാത്രമേ അംഗങ്ങളാകാവൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതര പാർട്ടികളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതേ നിലപാട് വ്യക്തമാക്കിയപ്പോൾ അതിനെ വർഗീയതയായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ സമീപനം ബി.ജെ.പി.യുടെ രാഷ്ട്രീയ നിലപാടിനൊപ്പമാണെന്നും രാജീവ് വിമർശിച്ചു.
വഖഫ് നിയമഭേദഗതി സംബന്ധിച്ച പാർലമെന്റ് ചർച്ചയിൽ ദേവസ്വം ബോർഡിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി നിയമത്തിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചത് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അങ്ങനെയെങ്കിൽ കെ.സി. വേണുഗോപാലും വർഗീയത പ്രചരിപ്പിക്കുകയാണെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രാജീവ് ചോദിച്ചു. മുഖ്യമന്ത്രി യഥാർഥത്തിൽ ഏത് രാഷ്ട്രീയ നിലപാടിനൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫ് നിയമഭേദഗതി രാജ്യത്ത് ആദ്യമായി വിജ്ഞാപനം ചെയ്തത് കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദവും രാജീവ് തള്ളി. കേരളം 2026 ഫെബ്രുവരിയിലാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും, എന്നാൽ മുസ്ലിം ലീഗ് പ്രതിനിധിയുള്ള തമിഴ്നാട് ഡി.എം.കെ. സർക്കാർ 2025 നവംബറിലേ തന്നെ നിയമഭേദഗതി വിജ്ഞാപനം ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


















































