കൊച്ചി: വിവാഹങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും താൻ കടന്നുപോയ അവസ്ഥയെക്കുറിച്ചും തുറന്നുപറയുകയാണ് നടി മീരാ വാസുദേവ്. ധന്യ വര്‍മക്ക് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. മൂന്ന് മണ്ടൻ വിവാഹങ്ങൾക്ക് വേണ്ടി തന്‍റെ 17 വര്‍ഷത്തെ ജീവിതം വെറുതെ കളഞ്ഞുവെന്ന് മീര പറയുന്നു. ”ബുദ്ധിപരമായി വർക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങൾ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു. എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു.
പക്ഷേ എനിക്ക് സാധിച്ചില്ല. എന്‍റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവർക്ക് ഞാൻ സമയം വെറുതെ കളഞ്ഞല്ലോ. എന്നെ വില കുറച്ച് കണ്ടവർ, എന്നെ ബഹുമാനിക്കാത്തവർ, അവർക്ക് വേണ്ടി അത്തരം ബന്ധങ്ങളിൽ ഒരുപാട് സമയം ഞാൻ കളഞ്ഞു” എന്നാണ് മീര പറഞ്ഞത്.
ഛായാഗ്രാഹകൻ അശോക് കുമാറിന്‍റെ മകനായ വിശാൽ അഗര്‍വാളുമായിട്ടായിരുന്നു നടിയുടെ ആദ്യവിവാഹം. എന്നാൽ അഞ്ച് വര്‍ഷത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. 2016ൽ വേര്‍പിരിഞ്ഞു. പിന്നീട് 2024ൽ സീരിയലിലെ ക്യാമറാമാൻ വിപിൻ പുതിയാങ്കത്തെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.






















































