മലപ്പുറം: പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്തെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുസ്ലിം ലീഗിന് എത്ര മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. അഞ്ച് മന്ത്രി സ്ഥാനങ്ങളാണ് ലീഗിന്റെ ആവശ്യമെങ്കിലും, “അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി” എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇതോടെ നാല് മന്ത്രി സ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കറുടേയോ ചീഫ് വിപ്പിന്റേയോ പദവിയും ലീഗിന് ലഭിക്കാനിടയുണ്ടെന്നാണ് സൂചന.
ലീഗിൽ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഏകദേശമായി ഉറപ്പായെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്ന് തവണ എംഎൽഎയായ പി. കെ. ബഷീറും സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കെ. എം. ഷാജിയെ മൂന്നാമത്തെ പേരായി പരിഗണിക്കുമ്പോൾ, യുവമുഖമെന്ന നിലയിൽ എൻ. ഷംസുദ്ദീനും ശക്തമായ സാധ്യത കൽപ്പിക്കപ്പെടുന്നു. പാലക്കാട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകണമെന്ന ചർച്ചയും ഷംസുദ്ദീന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകമായി വിലയിരുത്തപ്പെടുന്നു.
അഞ്ചാമത്തെ മന്ത്രി സ്ഥാനം ലഭിച്ചാൽ ആരെ പരിഗണിക്കണമെന്ന കാര്യത്തിലാണ് ഇപ്പോഴും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ജില്ലാതല സമവാക്യങ്ങൾ പരിഗണിക്കണമെന്ന ആവശ്യത്തെ തുടർന്ന് കാസർകോട് നിന്നുള്ള എ. കെ. എം. അഷ്റഫിന്റെ പേരും ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ പാറക്കൽ അബ്ദുള്ളയെയും റസാഖ് മാസ്റ്ററെയും ചുറ്റിപ്പറ്റി പാർട്ടിക്കകത്ത് അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായാണ് വിവരം.
മുഖ്യമന്ത്രി പദവി ഉൾപ്പെടെ 13 സ്ഥാനങ്ങൾ കോൺഗ്രസിനായിരിക്കും എന്നതാണ് നിലവിലെ ധാരണ. ഏഴ് സീറ്റുകൾ നേടിയ ജോസഫ് വിഭാഗം രണ്ട് മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഒരെണ്ണം മാത്രമേ ലഭിക്കൂ എന്ന സൂചനയാണ് പുറത്തുവരുന്നത്. ആർ.എസ്.പി. ഒരു മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം സി. പി. ജോൺ, ജേക്കബ് വിഭാഗം, ആർ.എം.പി., സി.പി.എമ്മിൽ നിന്ന് വിട്ടെത്തിയ ജി. സുധാകരൻ അടക്കമുള്ളവരെ എങ്ങനെ പരിഗണിക്കുമെന്ന കാര്യത്തിൽ മുന്നണി നേതൃത്വത്തിന് ഇപ്പോഴും വ്യക്തതയായിട്ടില്ല.
മന്ത്രിസ്ഥാന വിതരണത്തെക്കുറിച്ചുള്ള ഉഭയകക്ഷി ചർച്ചകൾ ഇതുവരെ പൂർത്തിയായിട്ടില്ല. തിങ്കളാഴ്ചയ്ക്ക് മുൻപ് അന്തിമ ധാരണയിലെത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

















































