കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ ഇന്ന് രാവിലെ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് ഇന്ന് രാവിലെ ആറരയോടെ കനാലിൽ ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. കനാലിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട വഞ്ചിക്കാരാണ് ആദ്യം വിവരം പുറത്തറിയിച്ചത്. വാട്ടർവേ അവന്യൂവിലെ സെയിന്റ് അണീസ് കപ്പേളയ്ക്ക് സമീപമാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും മരട് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിക്കുകയും ചെയ്തു.
ഏകദേശം 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണിത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ പ്രദേശത്ത് ആരെയും കാണാതായതായി റിപ്പോർട്ടുകളില്ലാത്തതിനാൽ മൃതദേഹം മറ്റെവിടെയെങ്കിലും നിന്ന് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ കരുതുന്നു. മരട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
നിലവിൽ മരട് പോലീസ് സ്റ്റേഷനിൽ ആളെ കാണാതായ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സമീപ പ്രദേശങ്ങളിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.


















































