ചെന്നൈ: സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾ പൂട്ടാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഇതോടെ 717 തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ(ടാസ്മാക്) മദ്യവിൽപ്പനശാലകൾക്ക് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ട് വീഴും.
പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്ത് 4,829 ടാസ്മാക് കടകളാണ് നിലവിലുള്ളത്. ഇതിലൂടെ പ്രതിമാസം നാല് കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വർഷം 48,344 കോടി രൂപയും സർക്കാരിന് ലഭിച്ചതായാണ് കണക്കുകൾ. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെയും പൂർണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്നുമാണ് വിലയിരുത്തൽ.


















































