കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ, ബിജെപിയെ നേരിടാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് മമത ബാനർജി ആഹ്വാനം ചെയ്തു. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ (എസ് ഐ ആർ) വഴി തന്‍റെ പാർട്ടിയെ അന്യായമായി പരാജയപ്പെടുത്തിയെന്നാണ് മമതയുടെ പ്രധാന ആക്ഷേപം. എന്നാൽ മമതയുടെ ഈ ഐക്യ ആഹ്വാനം സംസ്ഥാനത്ത് അശാന്തി പടർത്താനുള്ള നീക്കമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
“എല്ലാ പാർട്ടികളും ബിജെപിക്കെതിരെ ഒന്നിക്കണം, ഇതിൽ എനിക്ക് വാശികളൊന്നുമില്ല” എന്ന് പറഞ്ഞ മമത വരാനിരിക്കുന്ന പോരാട്ടത്തിൽ എല്ലാവരെയും കൂടെക്കൂട്ടുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. മമതയുടെ നീക്കത്തെ തീവ്ര കമ്മ്യൂണിസത്തിന്‍റെ പുതിയ രൂപമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഐക്യത്തിന്റെ പേരിൽ മാവോയിസ്റ്റുകളെ പുനരുജ്ജീവിപ്പിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും പണ്ട് അധികാരം പിടിക്കാൻ മമത മാവോയിസ്റ്റ് സഹായം തേടിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. പഴയ സഖ്യകക്ഷിയായ കോൺഗ്രസും മമതയെ വിമർശിച്ചു. മുൻപ് സഖ്യത്തിലായിരുന്നപ്പോൾ കോൺഗ്രസിനെ തകർക്കാനാണ് മമത ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശനിയാഴ്ച, മമത ബാനർജി തന്റെ വസതിയിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിന അനുസ്മരണത്തിൽ ആയിരുന്നു. ഈ ചടങ്ങിന് ശേഷമാണ് സംസ്ഥാനത്തെ എല്ലാ ബിജെപി വിരുദ്ധ ശക്തികളോടും ഒന്നിക്കാൻ അവർ ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ സംസ്ഥാനത്ത് പടരുകയാണെന്നും ഇതിനെതിരെ വിദ്യാർത്ഥി- യുവജന സംഘടനകൾ ഒന്നിക്കണമെന്നും മമത ആവശ്യപ്പെട്ടു.

















































