വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ ശ്രമങ്ങൾ അതീവ നിർണായക ഘട്ടത്തിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവച്ച സമാധാന നിർദേശങ്ങൾക്ക് ഇറാൻ നൽകിയ മറുപടിയെ “വിഡ്ഢിത്തപരമായ പ്രതികരണം” എന്ന് വിശേഷിപ്പിച്ച ട്രംപ്, അതിനെ തൽക്ഷണം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ കഴിഞ്ഞ പത്ത് ആഴ്ചയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് ഉടനെയൊന്നും അവസാനമാവില്ലയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽഗതാഗതത്തെയും എണ്ണവിപണിയെയും നിലവിലെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ‘‘ഇറാന്റെ മറുപടി പൂർണമായി വായിക്കാൻ പോലും എനിക്ക് താൽപര്യമുണ്ടായില്ല. ഇപ്പോൾ വെടിനിർത്തൽ കരാർ അതീവ ഗുരുതരാവസ്ഥയിലാണ്’’ എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ചർച്ചകൾ പുനരാരംഭിക്കണമെന്ന യുഎസ് നിർദേശത്തിന് പിന്നാലെ ദിവസങ്ങൾക്കുശേഷമാണ് ഇറാൻ ഔദ്യോഗിക മറുപടി നൽകിയത്. ലബനൻ ഉൾപ്പെടെ മേഖലയിലെ എല്ലാ യുദ്ധപ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. കൂടാതെ യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, അമേരിക്കൻ നാവിക ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, ഇറാൻ എണ്ണവിൽപ്പനയ്ക്കുള്ള വിലക്കുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ടെഹ്റാൻ മുന്നോട്ടുവച്ചു.
അതേസമയം, ഇറാന്റെ യുറേനിയം ശേഖരത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഇറാൻ തങ്ങളുടെ പക്കലുള്ള യുറേനിയം യുഎസിന് കൈമാറാൻ തയ്യാറാണെന്ന അവകാശവാദം ഉന്നയിച്ച ട്രംപ്, ആ ശേഖരം തിരിച്ചുപിടിക്കാനുള്ള സാങ്കേതിക ശേഷി അമേരിക്കയ്ക്കും ചൈനയ്ക്കുമാത്രമാണെന്നും അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങൾ നിർണായകമാകുമെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ.



















































