ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയായി ആരുവരുമെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാരെന്ന് നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി. ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർക്കൊപ്പമാണ് അവർ മാധ്യമങ്ങളെ കണ്ടത്.
അതേസമയം കേരളത്തിലെ എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു.
കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയായിരുന്നു. അതേസമയം ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച ചർച്ച 7.15 ഓടെ തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു.


















































