കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കൊൽക്കത്തയിലെ വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ നടന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുവേന്ദുവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബംഗാളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാന മുഖങ്ങളിൽ ഒരാളായ സുവേന്ദു അധികാരിയെ തന്നെ ഭരണത്തലവനായി നിശ്ചയിക്കുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ നേടിയ ഐതിഹാസിക വിജയമാണ് സുവേന്ദുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. നന്ദിഗ്രാം, ഭവാനിപുർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും അദ്ദേഹം ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. മമത ബാനർജിയുടെ തട്ടകമായ ഭവാനിപുരിൽ അവരെ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയത് ബിജെപിക്ക് വലിയ കരുത്ത് പകരുന്നതായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുൻനിരക്കാരനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കാൻ പ്രധാന കാരണവും ഈ വമ്പൻ വിജയമാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുവേന്ദു അധികാരിയുടെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചത്. മൊയ്നയിൽ നിന്നുള്ള എംഎൽഎ അശോക് ദിൻഡ ഉൾപ്പെടെയുള്ള നേതാക്കൾ അധികാരിയെ മുഖ്യമന്ത്രിയായി കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർഇന്ന് രാവിലെ 11 മണിക്ക് അധികാരമേൽക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. രാഷ്ട്രീയ പ്രമുഖർ, പ്രശസ്ത സിനിമാ താരങ്ങൾ, പ്രമുഖ വ്യവസായികൾ തുടങ്ങിയവർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയേക്കും.

















































