തിരുവനന്തപുരം: കോൺഗ്രസിലെ നേതൃത്വപരമായ മാറ്റസൂചനകൾ ശക്തമാകുന്നതിനിടെ, വി.ഡി. സതീശൻ ക്യാമ്പ് തങ്ങളുടെ പിന്തുണ വർധിപ്പിക്കാൻ സജീവ നീക്കങ്ങൾ ആരംഭിച്ചു. കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്ന എംഎൽഎമാരിൽ ചിലരെങ്കിലും തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാനാണ് ശ്രമം. നിരീക്ഷകരുടെ മുന്നിൽ ഗ്രൂപ്പ് നേതാവിന്റെ പേരിനൊപ്പം രണ്ടാമത്തെ ഓപ്ഷനായി സതീശന്റെ പേരും ഉയർത്തിപ്പറയിക്കാൻ എംഎൽഎമാരെ പ്രേരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നാണ് വിവരം.
ഇതിനൊപ്പം, എംഎൽഎമാരും നിരീക്ഷകരും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയിൽ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ ഒഴിവാക്കണമെന്ന ആവശ്യവും സതീശൻ പക്ഷം ഹൈക്കമാൻഡിന് മുന്നിൽ ഉന്നയിച്ചിരിക്കുകയാണ്. ദീപാദാസ് മുൻഷിയുടെ സാന്നിധ്യം എംഎൽഎമാരുടെ നിലപാടിനെ സ്വാധീനിക്കാമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ പറയപ്പെടുന്നത്.
അതേസമയം, സതീശന്റെ പിന്തുണയുടെ കണക്ക് കൂട്ടുമ്പോൾ 63 എംഎൽഎമാരിൽ പത്തിൽ താഴെ പേരാണ് ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ പേരെ ഒപ്പമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയത്. വേണുഗോപാലും ചെന്നിത്തലയും പിന്തുണയ്ക്കുന്ന പക്ഷങ്ങളിൽ നിന്ന് ചിലരെങ്കിലും മാറ്റിക്കൊണ്ടുവരാനാകുമോയെന്നതിലാണ് ശ്രദ്ധ.
ഇതിനിടെ, നെയ്യാറ്റിൻകര എംഎൽഎ എൻ. ശക്തൻ സോഷ്യൽ മീഡിയയിൽ സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ അടുത്ത വൃത്തത്തിൽപ്പെടുന്ന ടി.ജെ. വിനോദും, എ ഗ്രൂപ്പിലെ കെ. ബാബുവിന്റെ വിശ്വസ്തനായ ദീപക് ജോയിയും ആലുവയിലെ സതീശന്റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായി. എന്നാൽ ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.


















































