വടകര: കേരളത്തിന്റെ ചരിത്രത്തിലെ മികച്ച വിജയം നേടാനായതിൽ അഭിമാനമുണ്ടെന്നും നൂറുശതമാനവും അസ്വാരസ്യങ്ങളൊന്നുമില്ലാതെ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് യുഡിഎഫിനെ ഈ നേട്ടത്തിന് അർഹമാക്കിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രയും ഐക്യത്തോടെ പ്രവർത്തിച്ച തിരഞ്ഞെടുപ്പ് എന്റെ ഓർമ്മയിലുണ്ടായിട്ടില്ല. കഴിഞ്ഞതവണ ഞാൻ കെപിസിസി അധ്യക്ഷനായിരുന്ന വേളയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും തുടർന്നുള്ള പ്രവർത്തനങ്ങളിലുമൊന്നും ഇതുപോലൊരു ഒരുമ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. എന്നാൽ ഇപ്പോഴത്തെ നേതൃത്വത്തിന് അതിന് കഴിഞ്ഞു. അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവർ സാധ്യമാക്കിയ അസാധാരണമായ കൂട്ടായ്മയാണ് ഈ വിജയത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന്. മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഏലത്തൂരിലെയും ബാലുശ്ശേരിയിലെയും യുഡിഎഫ് വിജയം തന്നെ അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്നത് സംബന്ധിച്ച് പരമ്പരാഗതമായി കോൺഗ്രസിന് പാർട്ടിയുടെതായ കീഴ്വഴക്കങ്ങളുണ്ട്. ആ കീഴ്വഴക്കനുസൃതം തന്നെയാകും പുതിയ സർക്കാരും രൂപീകരിക്കുക. പാർലമെന്ററി പാർട്ടി വിളിച്ചുകൂട്ടി എംഎൽമാരുടെ ഇടയിൽ ഭൂരിപക്ഷം ആർക്കാണോ കൂടുതലുള്ളത് ആ വ്യക്തിയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ പോകുന്നത്. പാർട്ടി മുൻകാലങ്ങളിലെടുത്ത നിലപാടുകളിലൂടെ തന്നെയേ ഇത്തവണയും തീരുമാനമെടുക്കൂ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

















































