തിരുവനന്തപുരം: മദ്യലഹരിയിൽ സർക്കിൾ ഇൻസ്പെക്ടറെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രിയിൽ നടന്ന ആക്രമത്തിൽ യദുകൃഷ്ണൻ എന്നയാളാണ് പിടിയിലായത്.
ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിഐ ആശുപത്രിയിൽ ചികിത്സതേടി. കൈയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലേക്ക് കയറിവന്ന പ്രതി പോലീസുകാരോട് മോശമായി പെരുമാറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്നു അക്രമാസക്തനായ ഇയാളെ പിടികൂടാൻ പോലീസ് ശ്രമിച്ചതോടെ പ്രതി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി.
ഇയാളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുമ്പ് കസേര ഉപയോഗിച്ച് സിഐയുടെ തലയ്ക്ക് അടിച്ചത്. തുടർന്ന് കൂടുതൽ പോലീസുകാരെത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.


















































