ഇന്ത്യൻ വണ്ടർ കിഡും രാജസ്ഥാൻ റോയൽസ് ഓപ്പണറുമായ വൈഭവ് സൂര്യവൻഷിയുടെ ബാറ്റിംഗ് കരുത്തിനെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസവും കമന്റേറ്ററുമായ ഇയാൻ ബിഷപ്പ്. ജസ്പ്രിത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരുടെ പ്ലാനുകളെല്ലാം വൈഭവിനു മുന്നിൽ അടപടലം പരാജയപ്പെടുകയാണെന്നും ലോകത്തിലെ ഒരു ബോളർക്കും താരത്തെ തളക്കാനാവുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.
‘നെറ്റ്സിൽ ജോഫ്ര ആർച്ചറെയും മത്സരങ്ങളിൽ ബുംറയെയും നേരിടുമ്പോൾ ഒട്ടും ഭയമില്ലാതെയാണ് താരം ബാറ്റ് ചെയ്യുന്നത്. വൈഭവിന്റേത് ഒരു ബേസ്‌ബോൾ സ്‌റ്റൈലിലുള്ള ബാറ്റ് സ്വിംഗാണ്. ഇതാണ് ടി20 ക്രിക്കറ്റിൽ പ്രധാനം’. ബിഷപ്പ് പറഞ്ഞു. മാത്രമല്ല പരിചയസമ്പന്നരായ ബൗളർമാർ പോലും വൈഭവിനെതിരെ പ്ലാൻ എ മുതൽ പ്ലാൻ ജി വരെ പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ പാടുപെടുകയാമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ മത്സരത്തിൽ അർഷ്ദീപ് സിംഗ് തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ് താരത്തെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
അതേസമയം വൈഭവിനെ പുറത്താക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് ‘ബാക്ക് ഓഫ് ലെങ്ത്’ പന്തുകൾ താരത്തെ അൽപം കുഴപ്പിക്കുന്നുണ്ടെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.
ഈ സീസണിലെ ഓറഞ്ച് ക്യാപ് റേസിലെ മൂന്നാം സ്ഥാനക്കാരനായ വൈഭവ്, 9 മത്സരങ്ങളിൽ നിന്ന് 238.09 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 400 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയത്. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് വൈഭവിന്റെ അടുത്ത മത്സരം. ഓറഞ്ച് ക്യാപിൽ നിലവിൽ 425 റൺസുള്ള അഭിഷേക് ശർമയും 414 റൺസുള്ള ഹെൻഡ്രിച്ച് ക്ളാസനും മാത്രമാണ് നിലവിൽ വൈഭവിനു മുന്നിലുള്ളത്.

















































