മുല്ലൻപുർ: നീണ്ട ഏഴു മത്സരങ്ങൾ, എത്ര റൺസെടുത്താലും ചെയ്സ് ചെയ്ത് തോൽപിക്കുന്ന അയ്യർക്കും കൂട്ടർക്കും ഇത്തവണ അടിപതറി. ചെയ്സിങ് രാജസ്ഥാൻ ഏറ്റെടുത്തു. ഐപിഎൽ ഈ സീസണിൽ പഞ്ചാബ് കിങ്‌സിന് ആദ്യ തോൽവി. പഞ്ചാബിനെ അവരുടെ സ്വന്തം മൈതാനത്തെത്തിയാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്. ആറു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കേ രാജസ്ഥാൻ മറികടന്നു. യശസ്വി ജയ്‌സ്വാൾ, ഡോണോവൻ ഫെരെയ്‌ര, വൈഭവ് സൂര്യവംശി, ശുഭം ദുബെ എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ആരുംകൊതിക്കുന്ന ജയം സമ്മാനിച്ചത്.
പതിവു കാഴ്ചകൾക്കൊരു കുറവുമില്ലായിരുന്നു. വൈഭവിന്റെ പതിവ് വെടിക്കെട്ടോടെ തകർപ്പൻ തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. വെറും 20 പന്തിൽ നിന്ന് വൈഭവ് – ജയ്‌സ്വാൾ ഓപ്പണിങ് സഖ്യം അടിച്ചെടുത്തത് 51 റൺസ്. അതിൽ 16 പന്തിൽ 43 റൺസും വൈഭവിന്റെ ബാറ്റിൽ നിന്നായിരുന്നു. അഞ്ചു സിക്‌സും മൂന്ന് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. സ്കോർ 43 മൂന്നിലെത്തിനിൽക്കെ ചാഹലിന്റെ ബോളിൽ അയ്യർക്ക് ക്യാച്ച് നൽകി വൈഭവ് മടങ്ങി.
പിന്നാലെ ധ്രുവ് ജുറെലിനൊപ്പം ജയ്‌സ്വാൾ 38 പന്തിൽ നിന്ന് 54 റൺസ് ചേർത്തു. കാര്യമായി സ്‌കോർ ചെയ്യാൻ സാധിക്കാതിരുന്ന ജുറെൽ 20 പന്തിൽ നിന്ന് 16 റൺസെടുത്ത് മടങ്ങി. ഇതിനിടെ അർധ സെഞ്ചുറി തികച്ച ജയ്‌സ്വാൾ 27 പന്തിൽ നിന്ന് 51 റൺസെടുത്തു. ഒരു സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റൻ റിയാൻ പരാഗ് 16 പന്തിൽ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 29 റൺസെടുത്തു. പരാഗ് പുറത്തായതോടെ 14 ഓവറിൽ നാലിന് 151 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ.
അഞ്ചാം വിക്കറ്റിൽ ഡോണോവൻ ഫെരെയ്‌രയും ശുഭം ദുബെയും ഒന്നിച്ചതോടെ പഞ്ചാബ് ആദ്യ തോൽവി അറിഞ്ഞു. വെറും 32 പന്തിൽ നിന്ന് 77 റൺസടിച്ചുകൂട്ടിയ ഈ സഖ്യമാണ് നാലു പന്തുകൾ ബാക്കിനിൽക്കേ രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചത്. 26 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 52* റൺസെടുത്ത ഫെരെയ്‌രയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. വെറും 12 പന്തുകൾ നേരിട്ട ദുബെ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 31* റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി.
ഈ ജയത്തോടെ ഒമ്പത് കളികളിൽ നിന്ന് 12 പോയന്റുമായി രാജസ്ഥാൻ മൂന്നാം സ്ഥാനത്തെത്തി. എട്ടു കളികളിൽ നിന്ന് 13 പോയന്റുള്ള പഞ്ചാബ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 222 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസിന്റെയും പ്രഭ്സിമ്രാൻ സിങ്ങിന്റെയും ഇന്നിങ്സുകളാണ് പഞ്ചാബിനെ തുണച്ചത്. അവസാന ഓവറുകളിൽ സ്റ്റോയ്നിസ് നടത്തിയ കടന്നാക്രമണമാണ് പഞ്ചാബിന്റെ സ്‌കോർ 222-ൽ എത്തിച്ചത്. വെറും 22 പന്തിൽനിന്ന് താരം 62* റൺസെടുത്തു. ആറ് സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു സ്റ്റോയ്നിസിന്റെ ഇന്നിങ്സ്. ബ്രിജേഷ് ശർമയെറിഞ്ഞ 20-ാം ഓവറിൽ 24 റൺസാണ് സ്റ്റോയ്നിസ് അടിച്ചെടുത്തത്.
പ്രഭ്സിമ്രാൻ സിങ് 44 പന്തുകൾ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 59 റൺസെടുത്തു. 11 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം ഓപ്പണർ പ്രിയാൻഷ് ആര്യ തകർത്തടിച്ചപ്പോൾ 16 പന്തിൽ പഞ്ചാബ് സ്‌കോർ 37-ൽ എത്തി. എന്നാൽ, മൂന്നാം ഓവറിൽ ആര്യയെ മടക്കി ജോഫ്ര ആർച്ചർ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ കൂപ്പർ കൊനോളിയെ കൂട്ടുപിടിച്ച് പ്രഭ്സിമ്രാൻ 33 പന്തിൽ 59 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 14 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 30 റൺസെടുത്ത കൊനോളി ഒമ്പതാം ഓവറിൽ പുറത്തായി.
അതേസമയം മൂന്നാം വിക്കറ്റിൽ പ്രഭ്സിമ്രാൻ- ക്യാപ്റ്റൻ ശ്രേയസ് അയ്യർ സഖ്യം 34 പന്തിൽ 48 റൺസ് ചേർത്തു. പ്രഭ്സിമ്രാനെ 14-ാം ഓവറിൽ യാഷ് രാജ് മടക്കി. ശ്രേയസ് 27 പന്തിൽ 30 റൺസെടുത്തു പുറത്തായി. സ്റ്റോയ്നിസിനൊപ്പം നാലാം വിക്കറ്റിൽ 24 പന്തിൽ 37 റൺസാണ് ഇരുവരും സ്കോർ ബോർഡിൽ ചേർത്തത്.















































