ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി സംബന്ധമായ ചർച്ചകളെ ന്യായീകരിച്ച് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ നടക്കുന്നത് പുതുമയല്ലെന്നും, വ്യക്തികൾ അല്ല പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചുള്ള സാമൂഹ്യമാധ്യമ കുറിപ്പിനെ തുടർന്ന് കെ. സുധാകരന് വ്യാപകമായ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. പാർട്ടി നേതൃത്വത്തിനുള്ളിലും ഇത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
“മുഖ്യമന്ത്രി സംബന്ധിച്ച ചർച്ചകൾ നടക്കട്ടെ. ചർച്ചകൾ നടന്നാലാണ് തീരുമാനങ്ങൾ ഉണ്ടാകുന്നത്; തീരുമാനങ്ങൾ ഉണ്ടായാൽ മാത്രമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി ചർച്ചകൾ ഒഴിവാക്കണമെന്ന് ചിലരിൽ നിന്ന് ഉയർന്ന ആവശ്യങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് മുഖ്യമന്ത്രി ആരെന്ന ചർച്ചയെ കുറിച്ചുള്ള ചോദ്യത്തിന്, “അതിൽ എന്താണ് അതിശയം? കേരളത്തിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പുകൾ നടന്നിട്ടില്ലേ? ഫലം വരുന്നതിന് മുമ്പ് തന്നെ ഇത്തരം ചർച്ചകൾ നടക്കാറുണ്ട്. ഇത് ഒരു പതിവാണ്. പുതിയതായി എത്തിയവർക്ക് ഇത് പരിചിതമല്ലാത്തതാകാം” എന്നാണ് അദ്ദേഹം മറുപടി നൽകി.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രാധാന്യമുണ്ടെന്നും, സംസാരത്തിലൂടെയാണ് ഫലപ്രാപ്തി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലം വരുന്നതിന് മുമ്പുള്ള ചർച്ചകൾ പാർട്ടിക്ക് ദോഷമുണ്ടാക്കില്ലെന്നും, ഇത് പാർട്ടി തലത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത് ചോദ്യം ചെയ്യുന്നതല്ല കോൺഗ്രസിന്റെ രീതിയല്ല. അഭിപ്രായം സമ്മതിക്കുന്നവർ സ്വീകരിക്കും; സമ്മതിക്കാത്തവർ സ്വീകരിക്കേണ്ടതില്ല. തീരുമാനം ഉണ്ടാകുന്നതുവരെ ചർച്ചകൾ തുടരും. അത് സ്വാഭാവികമാണ്. കോൺഗ്രസിന്റെ പ്രവർത്തനരീതിയും അതുതന്നെയാണ്” എന്നും അദ്ദേഹം പറഞ്ഞു.













































