തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ ബിജെപി തൃശൂർ ജില്ലാ സൗത്ത് പ്രസിഡന്റ് എ. ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. പരാതി അനുസരിച്ച് ശ്രീകുമാറിന്റെ നിർദേശപ്രകാരം ഭാര്യയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പോലീസ് അറസ്റ്റ് ചെയ്തു.
തന്നെ ക്രൂരമായി മർദിച്ചെന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് നേരത്തെ ശ്രീകുമാറിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗിരീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ഭാര്യയുടെ പരാതി.
ഭീഷണിയെ തുടർന്ന് ശ്രീകുമാറിന്റെ ഭാര്യ വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
ആദ്യ കേസുമായി ബന്ധപ്പെട്ട് എ. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സാക്ഷിയെ സ്വാധീനിക്കാൻ ഗുണ്ടയെ ഉപയോഗിച്ചെന്ന പുതിയ പരാതിയിൽ അദ്ദേഹത്തിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാര്യയെ മർദിച്ച കേസിൽ കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതിനാൽ പോലീസിന് തുടർനടപടികളിൽ പരിമിതികളുണ്ടായിരുന്നു. എന്നാൽ പുതിയ കേസിന്റെ പശ്ചാത്തലത്തിൽ ശ്രീകുമാറിനെതിരെ കൂടുതൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന.














































