ബീജിങ്: ഇറാൻ ഭരണകൂടത്തിന് സൈനിക സഹായം നൽകുന്നുവെന്ന പാശ്ചാത്യ മാധ്യമ റിപ്പോർട്ടുകൾ ചൈന ശക്തമായി നിഷേധിച്ചു. ചൈനീസ് നിർമിത ഉപഗ്രഹങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ശത്രുനീക്കങ്ങൾ തിരിച്ചറിയാൻ ഇറാനെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.
ഇത്തരം ആരോപണങ്ങളുടെ പേരിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാൻ അമേരിക്ക തീരുമാനിക്കുകയാണെങ്കിൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കയ്‌ക്കെതിരായ യുദ്ധത്തിൽ ചൈന ഇറാനെ സൈനികമായി സഹായിക്കുന്നു എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഭീഷണി ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സാമ്പത്തിക നടപടികൾക്കെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് ചൈന വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ നിലവിൽ നടക്കുന്ന സംഘർഷത്തിൽ തങ്ങൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ചൈന ആവർത്തിച്ചു വ്യക്തമാക്കി.
മേഖലയിൽ പിരിമുറുക്കം വർധിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ രാജ്യത്തിന്റെ നിലപാട് വിശദീകരിച്ചത്. “ചൈന ഇറാനെ സൈനികമായി സഹായിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ പൂർണമായും കെട്ടിച്ചമച്ചതാണ്,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മധ്യേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനായി ഇറാൻ ചൈനീസ് ഉപഗ്രഹം സ്വന്തമാക്കിയതായി ഒരു അന്താരാഷ്ട്ര മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സൈനിക പിന്തുണ നൽകുന്നുവെന്ന ആരോപണം തള്ളിക്കൊണ്ട് ചൈന വിശദീകരണം നൽകിയിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന പ്രത്യേക റിപ്പോർട്ടുകളെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് ചൈനയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
ആരോപണങ്ങൾ നിഷേധിക്കുന്നതിനൊപ്പം തന്നെ, ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരെ സാമ്പത്തിക നടപടികൾ സ്വീകരിക്കുന്നതിനെതിരെ ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. “ഈ ആരോപണങ്ങളുടെ പേരിൽ യുഎസ് ചൈനയ്ക്ക് മേൽ തീരുവ വർധിപ്പിക്കാൻ ശ്രമിച്ചാൽ, ചൈനയും അതേ നാണയത്തിൽ പ്രതികരിക്കേണ്ടി വരും,” എന്നാണ് ലിൻ ജിയാൻ വ്യക്തമാക്കിയത്.
ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ തീരുവ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന അമേരിക്കയുടെ സൂചനയ്ക്കുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. അതേസമയം, അമേരിക്കയുടെ ഉപരോധങ്ങൾ നിലനിൽക്കുന്നതിനിടയിലും ആയുധ നിർമ്മാണത്തിന് സഹായകമായ സാങ്കേതിക വിദ്യകൾ ചില ചൈനീസ് കമ്പനികൾ ഇറാനിലേക്ക് നൽകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇറാനുമായുള്ള സൗഹൃദബന്ധം നിലനിർത്തുന്നതിനൊപ്പം തന്നെ അന്താരാഷ്ട്ര തലത്തിൽ നിഷ്പക്ഷതയുടെ ചിത്രം നിലനിർത്താനാണ് ചൈന ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണത്തിനല്ല, മറിച്ച് പ്രതിരോധത്തിനാണ് എന്ന വാദം ചൈന മുന്നോട്ടുവയ്ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പശ്ചിമേഷ്യയിലെ വർധിച്ചു വരുന്ന സംഘർഷ സാഹചര്യത്തിൽ ചൈനയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.
Media reports accusing China of providing military support to Iran are purely fabricated.
If the U.S. goes ahead with tariff hikes on China on the basis of these accusations, China will respond with countermeasures. pic.twitter.com/QwETjpJEyY
— Lin Jian 林剑 (@SpoxCHN_LinJian) April 15, 2026













































