ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിർണായക നിരീക്ഷണങ്ങൾ രേഖപ്പെടുത്തി. ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പ്രഖ്യാപിക്കുക കോടതിക്ക് എളുപ്പമല്ലെന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദം അവതരിപ്പിക്കുന്നതിനിടെയാണ് ഈ നിർണായക പരാമർശം ഉയർന്നത്. “ലക്ഷങ്ങൾ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്,” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെയാണ് വിലക്ക് റദ്ദാക്കാൻ കഴിയുമോ എന്ന സംശയവും ബെഞ്ച് ഉയർത്തി. “വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെ അത് റദ്ദാക്കുന്നത് എങ്ങനെ?” എന്നായിരുന്നു ജസ്റ്റിസ് എം.എം. സുന്ദരേഷിന്റെ ചോദ്യം.
അതേസമയം, യുവതി പ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിച്ചവർ യഥാർത്ഥ വിശ്വാസികളല്ലെന്ന നിലപാട് ജസ്റ്റിസ് ബി.വി. നാഗരത്ന വീണ്ടും ആവർത്തിച്ചു. അത്തരം ഹർജി പരിഗണിക്കേണ്ടതില്ലായിരുന്നുവെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.
ശബരിമലയിലെ ആചാരങ്ങളുടെ ചരിത്രപരമായ പശ്ചാത്തലവും വാദത്തിനിടെ ഉയർത്തിക്കാട്ടപ്പെട്ടു. നൂറുകണക്കിന് വർഷങ്ങളായി തുടരുന്ന ശബരിമലയിലെ ആചാരവും, 150 വർഷത്തിലധികമായി നിലനിൽക്കുന്ന ഗുരുവായൂരിലെ ആചാരവും പൊതുതാൽപ്പര്യ ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത് എങ്ങനെ സാധ്യമാണെന്ന് അഭിഷേക് മനു സിംഗ്‌വി ചോദിച്ചു.
രാജ്യത്ത് ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടായിട്ടും ശബരിമലയിൽ മാത്രമാണ് യുവതി പ്രവേശന വിലക്ക് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, അതിനാൽ പ്രത്യേക ആചാരങ്ങൾ നിലനിൽക്കുന്നതാണെന്നും വാദിച്ചു. മതാചാരങ്ങളിൽ ജുഡീഷ്യൽ പരിശോധനയ്ക്ക് പരിധിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ക്ഷേത്രങ്ങളിൽ പ്രവേശനം ആരെ അനുവദിക്കണം എന്നത് അതത് മതവിഭാഗങ്ങൾ തീരുമാനിക്കണമെന്ന എൻഎസ്എസിന്റെ വാദത്തെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തു. പൊതു ക്ഷേത്രങ്ങളിൽ വർഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വിലക്ക് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ബോർഡ് കോടതിയിൽ എടുത്തത്.
ഇതിനൊപ്പം, ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നവർ അവിടുത്തെ ആചാരങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അഭിഷേക് മനു സിംഗ്‌വിക്കൊപ്പം അഭിഭാഷകൻ പി.എസ്. സുധീറും ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായി.


















































