പത്തനംതിട്ട: പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനിടെ കാണാതായ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്ന് തിരികെയെത്തി. വിഷുദിനത്തിൽ രാവിലെ തൊഴാൻ എത്തിയയാൾ വിഷുക്കൈ നീട്ടമെന്ന് തെറ്റിദ്ധരിച്ചാണ് കൊണ്ടു പോയത്. വിഷുദിനത്തിൽ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ വച്ചതായിരുന്നു കാണിപ്പൊന്ന്.
ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻതന്നെ ക്ഷേത്രഭാരവാഹികൾ പന്തളം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ ഒരാൾ കാണിപ്പൊന്നെടുത്ത് പോക്കറ്റിലിടുന്നത് വ്യക്തമായി കണ്ടു. ഈ ദൃശ്യങ്ങൾ പരിശോധിച്ചു വരവെയാണ് കാണിപ്പൊന്നുമായി ഭക്തന്റെ വരവ്.
ക്ഷേത്രത്തിൽ കണികാണാൻ എത്തിയപ്പോൾ അവിടെ വെച്ചിരുന്ന നാണയം ഭക്തർക്ക് നൽകുന്ന വിഷുക്കൈനീട്ടമാണെന്ന് കരുതിയാണ് താൻ എടുത്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ബോധപൂർവ്വം ചെയ്തതല്ലെന്ന ഇയാളുടെ വിശദീകരണം പോലീസ് രേഖപ്പെടുത്തി. തുടർന്ന് കാണിപ്പൊന്ന് തിരികെ വാങ്ങി ക്ഷേത്ര അധികൃതർക്ക് കൈമാറി. തിരുവാഭരണത്തിലെ പ്രധാനഭാഗമായ കാണിപ്പൊന്ന് തിരികെ ലഭിച്ചതോടെ മണിക്കൂറുകളോളം നീണ്ടുനിന്ന ആശങ്കകൾക്ക് അന്ത്യമായി.










































