ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട താൽക്കാലിക വെടിനിർത്തൽ കരാറിന്റെ തുടർചർച്ചകൾ നടക്കുന്നതിനാൽ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9, 10 തീയതികളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങളും നടപ്പിലാക്കി.
ലോകശ്രദ്ധ നേടുന്ന ഈ ചർച്ചയിൽ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് പാക്കിസ്താൻ അറിയിച്ചു. ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ, ഗൾഫ് മേഖലയിലെ ഇറാൻ നടപടികൾ, കൂടാതെ ഹൊർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായത്. ഇതോടെ പ്രശ്നപരിഹാരത്തിനായി വീണ്ടും ചർച്ചകൾ ആരംഭിക്കുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച വൈകുന്നേരമാണ് ഇസ്‌ലാമബാദ് ജില്ലാ ഭരണകൂടം അവധി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അവധിക്ക് വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉയർന്നതല നയതന്ത്ര ചർച്ചകൾക്കും സുരക്ഷാ ആവശ്യങ്ങൾക്കും മുന്നോടിയായി തലസ്ഥാന നഗരിയിൽ ഇത്തരം നിയന്ത്രണങ്ങളും അവധിയും പ്രഖ്യാപിക്കുന്നത് പതിവാണ്.
















































