വാഷിങ്ടൺ: യുഎസ് മുന്നോട്ടു വച്ച നിർദ്ദേശങ്ങളോട് അനുകൂലമായ തീരുമാനം എടുത്തില്ലെങ്കിൽ ഇറാനെതിരേ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. പോസിറ്റീവായാലും നെഗറ്റീവായാലും ഇറാനിൽ നിന്ന് രാത്രി 8 മണിക്ക്(അമേരിക്കയിലെ പ്രാദേശിക സമയം) മുൻപ് പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതേനിലയിലാണ് ഇറാൻ മുന്നോട്ടുപോകുന്നതെങ്കിൽ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കുമെന്നും വാൻസ് ഭീഷണി മുഴക്കി. ഇറാനെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണി ആവർത്തിക്കുകയാണ് വൈസ് പ്രസിഡന്റും. ആശങ്കയോടെയാണ് ലോകം ഈ ഭീഷണികൾ ശ്രവിക്കുന്നത്.
കാര്യങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്ന് തിരിച്ചറിയുന്ന ഒരാളാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു പരിധിവരെ വേദനയുണ്ടാക്കാൻ ഇറാന് സാധിക്കുമെങ്കിൽ, അതിനേക്കാൾ വലിയ വേദനയുണ്ടാക്കാൻ അമേരിക്കയ്ക്ക് സാധിക്കും. പ്രസിഡന്റിനോ എനിക്കോ അങ്ങനെ ചെയ്യണമെന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇത്രയധികം ചർച്ചകൾ നടത്തുന്നത്. ഇനി തീരുമാനമെടുക്കേണ്ടത് ഇറാനാണ്. – ജെ.ഡി. വാൻസ് പറഞ്ഞു. ഇറാനിൽ നിന്ന് ഞങ്ങൾക്ക് ഒരു പ്രതികരണം ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. ഇന്ന് രാത്രി 8 മണിക്ക് (പ്രാദേശിക സമയം) ഇറാനിൽ നിന്ന് ഞങ്ങൾക്ക് പ്രതികരണം ലഭിക്കും. അവർ അനുകൂലമായി പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- വാൻസ് പറഞ്ഞു.
ഞങ്ങൾ ആഗ്രഹിക്കുന്നത് എണ്ണയും വാതകവും സ്വതന്ത്രമായി ഒഴുകുന്ന ഒരു ലോകമാണ്. ആളുകൾക്ക് ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യാൻ കഴിയണം. ഇറാൻ സാമ്പത്തിക ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അത് നടക്കില്ല. ഇറാൻ അവരുടെ സമീപനം മാറ്റുന്നില്ലെങ്കിൽ കൂടുതൽ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ കൈയ്യിൽ ഇതുവരെ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉണ്ടെന്ന് അവർ അറിയണം. പ്രസിഡന്റിന് അവ ഉപയോഗിക്കാൻ തീരുമാനിക്കാം. ഇറാൻ അവരുടെ സമീപനം മാറ്റുന്നില്ലെങ്കിൽ അദ്ദേഹം അവ ഉപയോഗിക്കാൻ തീരുമാനിക്കും.- വാൻസ് പറഞ്ഞു.
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ഡൊണാൾഡ് ട്രംപ് നൽകിയത്. ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ഇത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് മിക്കവാറും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച അമേരിക്കയിലെ സമയം രാത്രി എട്ടുമണിക്ക് മുമ്പ് വെടിനിർത്തൽ നടപ്പിലാക്കാനും ഹോർമുസ് തുറക്കാനുമുള്ള കരാറിന് സമ്മതിച്ചിരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30നാണ് ട്രംപിന്റെ അന്ത്യശാസനത്തിന്റെ സമയം അവസാനിക്കുക.
എന്നാൽ യുഎസുമായുള്ള എല്ലാതരത്തിലുമുള്ള ചർച്ചകളും ഉപേക്ഷിച്ചിരിക്കുകയാണ് ഇറാൻ. നേരിട്ടോ, അല്ലാതെയോ, മധ്യസ്ഥർ മുഖേനെയൊ ഇനി യുഎസുമായി ചർച്ച വേണ്ടെന്നാണ് ഇറാന്റെ നിലപാട്. യുഎസ്സുമായുള്ള എല്ലാ ആശയവിനിമയങ്ങളും അടിയന്തരമായി നിർത്തിവെയ്ക്കാനും ഇറാൻ തീരുമാനമെടുത്തു. അതേസമയം ചൊവ്വാഴ്ച ഇറാനിൽ പലയിടത്തും കനത്ത വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തു. എൻബിസി ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് , ഇറാനിലെ ചില പാലങ്ങളിലും രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലും ആക്രമണങ്ങൾ നടന്നു.
















































