ആലപ്പുഴ: മന്ത്രി പി പ്രസാദിനെതിരെ ചേർത്തലയിൽ പോയി പ്രസംഗിക്കുമെന്നു ജി.സുധാകരൻ. തനിക്കെതിരെ പ്രസാദ് അനാവശ്യ പ്രസ്താവന നടത്തിയെന്നും അതിന്റെ ആവശ്യമെന്തായിരുന്നെന്നും സുധാകരൻ ചോദിച്ചു. പ്രസാദിനെ ചേർത്തലയിൽ തോൽപ്പിക്കണമെന്ന് പറയാൻ തനിക്ക് അവകാശമുണ്ടെന്നും സുധാകരൻ പറഞ്ഞു. ‘‘ഒന്നിനുമില്ലാതെ അനങ്ങാതെ ഇരുന്നയാളാണ് ഞാൻ.
എന്നാൽ അയാൾ ചോദിച്ചുവാങ്ങുകയാണ്. കഴിഞ്ഞതവണ ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രസാദിന് കിട്ടിയത്. ഈ തിരഞ്ഞെടുപ്പിൽ അയാളുടെ രാഷ്ട്രീയ വിജയം തുലാസിലാണ്. രാഷ്ട്രീയ ക്രിമിനലുകളെ സുഖിപ്പിക്കാൻ, അയാളുടെ ശത്രുവല്ലാത്ത എനിക്കെതിരെ ഒരാവശ്യവുമില്ലാതെ പ്രസ്താവന നടത്തി’’ – സുധാകരൻ പറഞ്ഞു. തനിക്കു പാർലമെന്ററി വ്യാമോഹമാണെന്ന ആരോപണങ്ങളോടും സുധാകരൻ പ്രതികരിച്ചു.
പ്രസ്ഥാനത്തിന് വേണ്ടി വാദിക്കാനാണ് പാർട്ടി സഭകളിലേക്ക് ആളുകളെ അയയ്ക്കുന്നതെന്നും പണ്ട് അയച്ചിരുന്നതു കൊള്ളാവുന്നവരെയായിരുന്നെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ നിയമസഭയിൽ കേരളം ശ്രദ്ധിച്ച പ്രസംഗം നടത്തിയ ഒരാളുടെ പേര് പറയാനും സുധാകരൻ ആവശ്യപ്പെട്ടു.













































