ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആകെയുള്ള 140 സീറ്റുകളിൽ 92 എണ്ണത്തിൽ കോൺഗ്രസ് സ്വന്തം ചിഹ്നത്തിൽ മത്സരിക്കുകയും 3 സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റിൽ ആർഎസ്പി സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കും. ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
പോക്കറ്റിൽ നിന്ന് ലിസ്റ്റെടുത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് പോലെയല്ല, എല്ലാവരും കൂടിയാലോചിച്ചാണ് ഞങ്ങൾ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത്. ഒരു അലോസരവുമില്ലാതെ ഘടക കക്ഷികളെല്ലാം കോൺഗ്രസിനൊപ്പമുണ്ട്, സിപിഎമ്മിൽ അങ്ങനെയാണോ?യെന്നും വിഡി സതീശൻ .
സീറ്റ് വിഭജനത്തിൽ ഘടകകക്ഷികൾ തമ്മിൽ നിർണ്ണായകമായ വെച്ചുമാറ്റങ്ങളും ഇക്കുറി ഉണ്ടായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. തൃക്കരിപ്പൂർ സീറ്റിനുപകരം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് ലഭിച്ചു. ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകുകയും പകരം പയ്യന്നൂർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
മറ്റ് ഘടകകക്ഷികളിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി കാപ്പൻ പാലയിലും മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫ് ഭാഗമായി മത്സരിക്കും. പിവി അൻവർ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഇത്തരത്തിൽ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്ന് വിഡി സതീശൻ വ്യക്തമാക്കി.
കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണ്ണയം ഇന്ന് തന്നെ പൂർത്തിയാക്കാനാണ് പാർട്ടി നീക്കം. സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണയ്‌ക്കേണ്ട മണ്ഡലങ്ങൾ ഏതൊക്കെയെന്ന് കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ അനുവാദത്തോടെ ഇന്നുതന്നെ തീരുമാനിക്കും.
നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു. എംപിമാർ ഉന്നതരായ നേതാക്കളാണെന്നും അവരെ അസംബ്ലിയിലേക്ക് മത്സരിപ്പിക്കുന്നത് സംബന്ധിച്ച വിധി കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണെന്നും ഇത്തരം കാര്യങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും കേന്ദ്ര തീരുമാനം വന്നാലുടൻ അത് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


















































