കൊച്ചി: അഞ്ച് വർഷം മുമ്പ് വരെ താൻ നല്ലൊരു ഇസ്‍ലാമോഫോബായിരുന്നുവെന്നും അതിപ്പോൾ തുറന്നുപറയാൻ യാതൊരു മടിയുമില്ലെന്നും നടി പി.എം. ലാലി. ആദ്യം ഒരു അവിശ്വാസിയായിട്ടാണ് ഞാൻ വളർന്നത്. പിന്നീട് കേവല യുക്തിവാദിയായി മാറി. യുക്തിവാദത്തിൽ നിന്ന് വളരെ സ്വാഭാവികമായി ഇസ്‍ലാമോഫോബിക്കായി വളർന്നു.
അടുത്ത കാലം വരെ അങ്ങനെ തന്നെയായിരുന്നു. അതിൽ നിന്ന് ഒരു മാറ്റം വരുന്നത് ഏകദേശം അഞ്ചു വർഷം മുമ്പ് മുതലാണ്. അതുവരെ ഞാൻ നല്ലൊരു ഇസ്‍ലാമോഫോബായിരുന്നു -ലാലി പറഞ്ഞു. ‘ഭീകരവാദികൾ എല്ലാം മുസ്‍ലിംകളാണെന്നും മുസ്‍ലിംകളാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമെന്നുമായിരുന്നു എന്റെ ധാരണ. മുസ്‍ലിംകൾക്ക് വൃത്തിയില്ല. അവർ പിന്നാക്കമാണ്. ഇങ്ങനെ അനവധി മുൻവിധികൾ ഞാൻ മനസ്സിൽ വെച്ചിരുന്നു.
അതിലും കൗതുകകരമായ കാര്യം, ഞാൻ മുസ്‍ലിം ഐഡന്റിറ്റിയുള്ള ഒരാളായിരിക്കുമ്പോഴും മുസ്‍ലിംവിരുദ്ധ പരാമർശങ്ങൾ പറയാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത് ഒരു വംശീയതയുടെയും വിദ്വേഷത്തിന്റെയും രൂപത്തിലേക്ക് മാറിയാലും എനിക്ക് അതിൽ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. പലരും എന്നോട് പറയും: “മുസ്‍ലിംകൾ എല്ലാം നിങ്ങളെ പോലെ ആകണം.” കാരണം ഞാൻ ഒരു പ്രത്യേക മതവിശ്വാസം പിന്തുടരുന്നില്ല. പ്രത്യേക ആചാരങ്ങൾ പാലിക്കുന്നില്ല. പ്രത്യേക വേഷവിധാനങ്ങളും പിന്തുടരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഒരു ‘മതേതര’ വ്യക്തിയായി പലരും പുകഴ്ത്തി സംസാരിക്കുമായിരുന്നു. “നിങ്ങൾ മതേതരമാണ്, പക്ഷേ മറ്റ് മുസ്‍ലിംകൾ അങ്ങനെയല്ല” എന്ന രീതിയിൽ അവർ പറയുമ്പോൾ ഞാൻ അതിൽ അഭിമാനിച്ചിരുന്നു. ആ സമയത്ത് ഞാൻ അതിനെ ഒരു പ്രശംസയായി സ്വീകരിച്ചിരുന്നു.
















































