യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഏഴ് ചിത്രങ്ങൾ പരിശോധിച്ചും സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയുമാണ് ഇസ്രയേൽ നിരോധിക്കപ്പെട്ട ആയുധം ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചത്.
യഹ്‌മോർ ഉൾപ്പെടെയുള്ള തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണ സമയത്ത് അവിടെ സാധാരണക്കാർ ബാക്കിയുണ്ടായിരുന്നോ എന്നോ ആർക്കെങ്കിലും പരിക്കേറ്റോ എന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ളയുമായി മുൻപ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേൽ ഇത്തരത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വീടുകൾക്കും കൃഷിയിടങ്ങൾക്കും തീപിടിക്കാൻ ഇത് കാരണമാകുന്നു. ഇതിനേക്കാൾ ഭയാനകമായി, മനുഷ്യശരീരത്തിൽ അസ്ഥികളോളം എത്തുന്ന അതിശക്തമായ പൊള്ളലുകൾ സൃഷ്ടിക്കാൻ ഇതിന് ശേഷിയുണ്ട്. കൂടാതെ അണുബാധകൾക്കും ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിനും ശ്വാസതടസ്സത്തിനും ഇത് കാരണമായേക്കാം.
ഈ ആക്രമണം അത്യന്തം ആശങ്കാജനകമാണെന്നും സാധാരണക്കാർക്ക് ഇത് വലിയ ദുരന്തങ്ങൾ സമ്മാനിക്കുമെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ലെബനൻ ഗവേഷകൻ റംസി കൈസ് പറഞ്ഞു. എന്നാൽ, ഇസ്രയേൽ സൈന്യം ഈ റിപ്പോർട്ടുകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈറ്റ് ഫോസ്ഫറസ് ആളുകളെ ലക്ഷ്യം വയ്ക്കാനല്ല, മറിച്ച് എതിരാളികളുടെ കാഴ്ചമറയ്ക്കാനോ ശ്രദ്ധതിരിക്കാനോ ഉള്ള പുകമറകൾ സൃഷ്ടിക്കാനാണ് തങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് മുൻപ് ഇത്തരം സാഹചര്യങ്ങളിൽ ഇസ്രയേൽ നൽകിയ വിശദീകരണം.
















































