പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഷെഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഏഴംകുളം സ്വദേശി അരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തൂങ്ങിമരിക്കുന്നതിന് മുൻപ് ഷെഹനയെ അരുൺ മർദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തന്നെ വിവാഹം കഴിക്കാൻ മതം മാറണമെന്ന് അരുൺ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഇയാളുടെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ ഷെഹന ഇതിനെ എതിർത്തിരുന്നതായും പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഷെഹനയെ വീട്ടിനുള്ളിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചിരുന്നെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് തന്നെ കാമുകനായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചോദ്യം ചെയ്യലിൽ ഷെഹനയുമായി കയ്യാങ്കളി ഉണ്ടായതായി അരുൺ സമ്മതിച്ചതായി പോലീസ് അറിയിച്ചു. യുവതിയുടെ കുടുംബവും ഇതുസംബന്ധിച്ച് പരാതി നൽകിയതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.
ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷെഹന. തിങ്കളാഴ്ച വൈകിട്ട് ഷെഹനയുടെ മകൻ ട്യൂഷന് പോയ സമയത്താണ് അരുൺ വീട്ടിലെത്തിയത്. വീട്ടിൽനിന്ന് ബഹളം കേട്ടതായി നാട്ടുകാർ വാർഡ് കൗൺസിലറെ അറിയിച്ചിരുന്നു. നാട്ടുകാർ സ്ഥലത്തെത്തുമ്പോഴും അരുൺ സംഭവസ്ഥലത്തുണ്ടായിരുന്നു. സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലാണ് ഷെഹനയുടെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തിൽ മരിച്ച ഷെഹനയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഷെഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ ഇയാൾ പകർത്തിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും അരുൺ കുമാർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ ഷെഹന ഇതിനെ ശക്തമായി എതിർത്തിരുന്നതായും പോലീസ് പറയുന്നു.
തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിലുള്ള വൈരാഗ്യത്തിന്റെ പേരിൽ അരുൺ കുമാർ ഷെഹനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും, മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടും ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മറ്റ് മാർഗങ്ങളില്ലാതെ അരുൺ വീട്ടിലുണ്ടായിരിക്കെ ഷെഹന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






