ചെന്നൈ: തനിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിനെതിരേ നടി തൃഷ രംഗത്തെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർഥിപൻ. അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം ‘പൊന്നിയിൻ സെൽവനി’ൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം പാർഥിപൻ നടത്തിയത്. അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെയാണ്, പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്.
‘സഹായി വഴി ഒരു വ്യക്തിയിൽനിന്ന് ലഭിച്ച അഭ്യർഥനയെത്തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി സംഘാടകരിൽനിന്ന് അറിയാൻ സാധിച്ചു. മൈക്രോഫോൺ ഒരു പരാമർശത്തെ ബൗദ്ധികമോ ഹാസ്യാത്മകമോ ആക്കില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുകമാത്രമാണ് അത് ചെയ്യുന്നത്. അറിവില്ലായ്മയിൽനിന്നുണ്ടാവുന്ന ക്രൂരമായ വാക്കുകൾ, ആരെ ലക്ഷ്യം വെക്കുന്നോ അവരേക്കാൾ സംസാരിക്കുന്ന വ്യക്തിയെയാണ് വെളിപ്പെടുത്തുന്നത്’, എന്നായിരുന്നു തൃഷയുടെ പ്രതികരണം.
നടിയുടെ ഈ പ്രതികരണത്തിനു പിന്നാലെയാണ് പാർഥിപന്റെ ഖേദപ്രകടനം.
‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’, പാർഥിപൻ പറഞ്ഞു
‘കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തണം. അതാണ് നല്ലത്. അവരെ പുറത്തുവിടരുത്’, എന്നായിരുന്നു പുരസ്‌കാരദാനച്ചടങ്ങിൽ പാർഥിപൻ നടത്തിയ പരാമർശം. ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ കുന്ദവ എന്ന കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചത്. ചിന്ന പഴുവേട്ടരയർ എന്ന കഥാപാത്രമായി പാർഥിപനും വേഷമിട്ടു. തൃഷയുടെ ചിത്രം വേദിയിൽ കാണിച്ചശേഷം, കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് പാർഥിപൻ ചോദിച്ചിരുന്നു. പിന്നാലെയാണ് പാർഥിപന്റെ വിവാദപരാമർശം.
വിവാഹമോചന വാർത്തകളുമായി ബന്ധപ്പെട്ട് ടിവികെയുടെ പരിപാടിയിൽ വിജയ് നടത്തിയ പ്രസംഗത്തേയും പാർഥിപൻ വിമർശിച്ചിരുന്നു. തനിക്കെതിരായി പുറത്തുവരുന്ന വാർത്തകളിൽ വലിയ കാര്യമൊന്നുമില്ലെന്നായിരുന്നു വിജയ്‌യുടെ പരോക്ഷപ്രതികരണം.
‘ സ്ത്രീ മറ്റൊരു ഭൂമിയാണ്. നാം ഭൂമിയെ ദേവിയെന്നാണ് വിളിക്കുന്നത്. ഭൂമിയെ പുരുഷനാമത്തിൽ വിളിക്കുന്നില്ല. ആരായിരുന്നാലും അവൻ സ്ത്രീയിൽനിന്നാണ് ജനിക്കുന്നത്. ശിവന്റെ ശക്തിപോലും ഒരു സ്ത്രീയാണ്’, എന്നായിരുന്നു വനിതാദിനത്തിലെ പാർഥിപന്റെ പോസ്റ്റ്.















































