ടെഹ്റാൻ: ഇറാനിൽ തീവ്രആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
കഴിഞ്ഞദിവസം 80ലേറെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ടെഹ്റാനിലും രാജ്യത്തിന്റെ മധ്യമേഖലകളിലുമാണ് ആക്രമണമുണ്ടായത്. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിനടുത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നാശനഷ്ടം എത്രത്തോളം എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുഎസ്–ഇസ്രയേൽ സംഘർഷത്തിൽ റഷ്യ ഇറാന് സഹായം നൽകുന്നെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ ആക്രമണം.
മധ്യ ഇറാനിലെ നതാൻസ് നഗരത്തിൽ സ്ഫോടനമുണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം നതാൻസിലാണ്. 2025ലെ 12 ദിന യുദ്ധത്തിലും നിലവിൽ നടക്കുന്ന സംഘർഷത്തിനിടയിലും നതാൻസ് ആണവകേന്ദ്രത്തിനുനേരെ യുഎസ് ആക്രമണം നടത്തിയിരുന്നു.
അതിനിടെ, ഗൾഫ് മേഖലയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ദുബായ് വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ഒരാഴ്ച പിന്നിട്ടിട്ടും പശ്ചിമേഷ്യയിൽ യുദ്ധം അയവില്ലാതെ തുടരുന്നതിന്റെ ഭീതിയിലാണ് ലോകം. യുഎസിനും ഇസ്രയേലിനുമെതിരെ 23ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാൻ സൈന്യമായി റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചിരുന്നു. ഇറാൻ മിസൈലുകൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം.
അതിനിടെ, യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർ മെഡിറ്ററേനിയൻ കടലിൽനിന്ന് കരിങ്കടലിലെത്തി. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ഫോഡ് സൂയസ് കനാൽ മാർഗമാണ് കരിങ്കടലിൽ എത്തിയത്. ഇറാനുമായി കരിങ്കടൽ നേരിട്ട് അതിർത്തി പങ്കുവയ്ക്കുന്നില്ലെങ്കിലും ഏദൻ കടലിടുക്കുവഴി ഇറാന് സമീപം എത്താനാകും. വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതുൾപ്പെടെയുള്ള ട്രംപിന്റെ നീക്കങ്ങളിൽ യുഎസ്എസ് ജെറാൾഡ് ഫോഡ് മുഖ്യപങ്കുവഹിച്ചിരുന്നു.
















































