തിരുവനന്തപുരം: യുവജനങ്ങൾ വൻതോതിൽ നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയുന്നതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. കഴിഞ്ഞ ഫെബ്രുവരി 24ന് മനോരമ ഇയർബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് സമ്മിറ്റ് 2026ലാണ് രാജീവ് ചന്ദ്രശേഖറിന്റെ വിവാദ കണ്ടെത്തൽ. പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ആരംഭിച്ചു. ഈ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.
രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ ഇങ്ങനെ-
‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്. പക്ഷെ അതിന്റെ വസ്തുത നമ്മൾ മനസിലാക്കിയിട്ടുണ്ടോ?. ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?’















































