വാഷിങ്ടൺ/ടെൽ അവീവ്: ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഞങ്ങൾ അവരെ തകർക്കുകയാണെന്നും ആ നീക്കങ്ങൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പരാമർശിച്ചത്.
‘എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു’ ട്രംപ് പറഞ്ഞു.യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അധികാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ് മറുപടി നൽകി. നാലാഴ്ച എടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ അല്പം മുന്നിലാണ് ഇപ്പോൾ കാര്യങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനിൽ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് സൂചന നൽകി. ‘ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല. വലിയൊരു തരംഗം ഇതുവരെ വന്നിട്ടില്ല. വലിയ ആക്രമണം ഉടൻ വരുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം,യുദ്ധം അധികാൾ നീണ്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു. യുദ്ധം നീണ്ടുപോകുമെന്ന വാദങ്ങളെ അദ്ദേഹം നിഷേധിച്ചു. ‘ഇവിടെ അനന്തമായ യുദ്ധം നടക്കുമെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ ഇറാനിലെ ഈ ഭീകര ഭരണകൂടം അവർ അധികാരത്തിലേറിയ ശേഷം ഏറ്റവും ദുർബലമായ ഘട്ടത്തിലാണ്, അതിനാൽ അനന്തമായ യുദ്ധം ഉണ്ടാകില്ല’ നെതന്യാഹു ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വളരെ വേഗതയേറിയതും നിർണായകവുമായ നടപടിയുമാണ് ഇപ്പോൾ നടക്കുന്നത്. ഇറാനിലെ ഭരണമാറ്റത്തിന് അനുകൂലമായ സാഹചര്യങ്ങൾ അമേരിക്കൻ-ഇസ്രായേലി വ്യോമാക്രമണങ്ങൾ സൃഷ്ടിക്കുമെന്നും നെതന്യാഹു പറഞ്ഞു. മധ്യേഷ്യയിലെ പ്രശ്‌നങ്ങളിൽ 95 ശതമാനവും ഇറാനാണ് സൃഷ്ടിക്കുന്നതെന്നും, ഇപ്പോഴത്തെ ഭരണകൂടം വീണാൽ ഇസ്രായേലും അറബ്, മുസ്ലിം രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടികൾ ഉണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. ‘നമ്മൾ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു സമാധാന യുഗത്തിന് തുടക്കമിടും’ എന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രായേൽ അമേരിക്കയെ ഇറാനുമായി ഒരു യുദ്ധത്തിലേക്ക് വലിച്ചിഴച്ചുവെന്ന വിമർശനം നെതന്യാഹു ചരിച്ചുതള്ളി. ‘അത് പരിഹാസ്യമാണ്. ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാണ്. അമേരിക്കക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു. ഭാവി തലമുറകൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്’ നെതന്യാഹു കൂട്ടിച്ചേർത്തു.












































