ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാർ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി. രോഗികൾക്ക് ലഭിക്കുന്ന ചികിത്സയും ആശുപത്രിയിലെ സേവനങ്ങളുടെ നിലവാരവും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു അപ്രതീക്ഷിത പരിശോധന.
സന്ദർശനത്തിനിടെ പ്രസവ ചികിത്സാ വിദഗ്ധരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തിയ അദ്ദേഹം ചികിത്സയിലായിരുന്ന അമ്മമാരോടും കൂട്ടിരിപ്പുകാരോടും നേരിട്ട് സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. നവജാത ശിശുക്കളെ ഓമനിക്കുന്ന വിജയിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ആശുപത്രിയിൽ കൈക്കൂലി വാങ്ങുന്നതായുള്ള പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്. വിജയിക്കും ഈ ആശുപത്രിയുമായി വ്യക്തിപരമായ ബന്ധമുണ്ട്. അദ്ദേഹവും മാതാവ് ശോഭ ചന്ദ്രശേഖറും ജനിച്ചത് എഗ്മൂർ സർക്കാർ ആശുപത്രിയിലായിരുന്നു.
പരാതികളിൽ കർശന അന്വേഷണം നടത്താനും ജോലിയിൽ വീഴ്ച വരുത്തുകയോ അഴിമതിയിൽ ഏർപ്പെടുകയോ ചെയ്യുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

















































