ആലുവ: കഞ്ചാവ് കൈവശംവെച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. മകനെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ കാലം എല്ലാം തെളിയിക്കുമെന്ന് അദ്ദേഹം എഴുതി. ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും തന്റെ കുറിപ്പിനൊപ്പം ടിനി ടോം പോസ്റ്റ് ചെയ്തു.
Congratulations my dear son Adam for your achievement in Mahatma Gandhi university youth festival and you will be my hero always .
സങ്കീർത്തനം 91…അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും… മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും 3-ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. god bless .. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ; ടിനി ടോം കുറിച്ചു.
ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ള പ്രസംഗം വലിയ ചർച്ചയായിരുന്നു. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലായിരുന്നു അദ്ദേഹം അത്തരമൊരു തുറന്നുപറച്ചിൽ നടത്തിയത്. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ കൂടിയായിരുന്നു ടിനി ടോം.
കഴിഞ്ഞദിവസമാണ് കഞ്ചാവ് കൈവശംവെച്ച കേസിൽ നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ഉൾപ്പെടെ മൂന്നുയുവാക്കളെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ആദം ഷെമ്മിന് പുറമേ കാർത്തിക് (20), അമിത് ജോർജ് (21) എന്നിവരും പിടിയിലായി. നാലുഗ്രാം കഞ്ചാവ് ഇവരുടെ കൈയിൽനിന്ന് കണ്ടെടുത്തു. തിരുവാങ്കുളം ഇരുമ്പനംകരയിൽ മകളിയം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് മൂന്നുപേരേയും പിടികൂടിയത്. കൂട്ടത്തിൽ കാർത്തിക് എന്നയാളുടെ പാന്റിന്റെ പോക്കറ്റിൽനിന്നാണ് സിപ് ലോക്ക് കവറിലായി നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മൂന്നുപേർക്കുമെതിരേ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂവരേയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.















































