ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയുള്ള തിരിച്ചടികൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആ തിരിച്ചടി ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല… അതാണ് ‘ഓപ്പറേഷൻ സവാൽകോട്ട്’… ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ സവാൽകോട്ടിൽ ഉയരുന്ന വമ്പൻ ജലവൈദ്യുത പദ്ധതി. ജലവൈദ്യുത പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കം പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ വിറളിപിടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 1960-ലെ സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഈ നടപടിക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന തന്ത്രപ്രധാനമായ നിർമ്മാണ പ്രവർത്തനമാണ് ചെനാബ് നദിക്കു കുറുകെ വരുന്ന കൂറ്റൻ അണക്കെട്ട്.
ഏകദേശം 5,129 കോടി രൂപ ചിലവിൽ നാഷണൽ ഹൈഡ്രൊഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 1,856 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂർ, രാംബാൻ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. 192.5 മീറ്റർ ഉയരമുള്ള കൂറ്റൻ അണക്കെട്ടും എട്ട് യൂണിറ്റുകളുള്ള ഭൂഗർഭ പവർ ഹൗസുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.
അതേസമയം ഇന്ത്യയുടെ ഈ നീക്കം പാക് മാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യ തങ്ങളെ വെള്ളം തരാതെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് എന്നാണ് പാക് മാധ്യമങ്ങൾ ആരോപിക്കുന്നത്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധമെന്നും ജല ഭീകരവാദമെന്നുമൊക്കെയാണ് സവാൽകോട്ട് ജലവൈദ്യുത പദ്ധതിയെ പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത്.
അതേസമയം സവാൽകോട്ട് ഒരു ‘റൺ-ഓഫ്-ദ-റിവർ’ പദ്ധതിയാണെന്നും, നദിയിലെ വെള്ളം വഴിതിരിച്ചുവിടില്ലെന്നും ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. സ്വന്തം രാജ്യത്തിനുള്ളിലെ വികസന പദ്ധതികൾ ഇന്ത്യയുടെ പരമാധികാരവും അവകാശവുമാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപണങ്ങളോട് പ്രതികരിച്ചു.
ചെനാബ് നദീതടത്തിൽ പാകൽ ദുൽ, കിരു, രത്ലെ എന്നീ അണക്കെട്ടുകൾക്കൊപ്പം സവാൽകോട്ട് കൂടി വരുന്നതോടെ മേഖലയിലെ ജലവിഭവത്തിന്മേൽ ഇന്ത്യയ്ക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. വിഷയത്തിൽ വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ സിന്ധുനദീജല കരാർ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കാര്യമായ പ്രതികരണമോ, മറുപടിയോ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അണക്കെട്ട് നിർമാണത്തിനായി ഇന്ത്യ ടെൻഡർ വിളിച്ചതോടെ ഇന്ത്യ വെറുതെ പ്രകോപിപ്പിക്കുകയാണെന്ന് കരുതിയ പാക്കിസ്ഥാന് കളിയല്ല കാര്യമാണെന്ന് തിരിഞ്ഞിട്ടുണ്ട്.
1984ൽ ആദ്യമായി വിഭാവനം ചെയ്ത ഈ പദ്ധതിക്ക് സിന്ധു നദി ജലകരാറിലെ കർശനമായ വ്യവസ്ഥകളും പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള എതിർപ്പുകളും കാരണം ദീർഘകാലം അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദി ജലകരാർ മരവിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ സവാൽകോട്ട് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അപ്രതീക്ഷിതമായ വേഗത കൈവരികയും ചെയ്തു.
ശരിക്കും പറഞ്ഞാൽ പാക്കിസ്ഥാന്റെ ജീവനാഡിയാണ് ചെനാബ് നദി. പാകിസ്താന്റെ കൃഷിഭൂമിയുടെ 90 ശതമാനവും സിന്ധു നദീതടത്തിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ചെനാബ് നദിയിൽ പടുത്തുയർത്തുന്ന അണക്കെട്ടുകളുടെ പരമ്പര പാക്കിസ്ഥാനിലെ കാർഷിക മേഖലയെ തന്നെ തകർക്കുമെന്ന് അവർ കരുതുന്നു. ബാഗ്ലിഹാർ, സവാൽകോട്ട്, സലാൽ എന്നീ അണക്കെട്ടുകൾ ഒരേ നദിയിൽ വരുന്നതോടെ, ജലം തടഞ്ഞുവെക്കാനും ആവശ്യമുള്ളപ്പോൾ വിട്ടുനൽകാനും ഇന്ത്യയ്ക്ക് വലിയ ശേഷി കൈവരുന്നുവെന്നതാണ് പാക്കിസ്ഥാനെ ആശങ്കയിലാക്കുന്നത്.
നിലവിൽ പാക്കിസ്ഥാനിലെ മരാല ഹെഡ്വർക്സിലേക്കുള്ള (Marala Headworks) ജലപ്രവാഹത്തിൽ 90 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പഞ്ചാബ് പ്രവിശ്യയിലെ നെല്ല്, പരുത്തി കൃഷികളെ സാരമായി ബാധിക്കും. അതേസമയം പാക്കിസ്ഥാന്റെ ഭീകരവാദത്തോടുള്ള സമീപനം മാറുന്നതുവരെ ഇന്ത്യ സിന്ധുനദിയിന്മേലുള്ള ഈ സമ്മർദ്ദം തുടരുമെന്നാണ് സൂചനകൾ.
സവാൽകോട്ട് പദ്ധതി പൂർത്തിയാകുമ്പോൾ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി ഇത് മാറും. ശൈത്യകാലത്ത് ജമ്മു കശ്മീർ അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ഇത് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നതോടൊപ്പം അധികമായി വരുന്ന വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് നൽകാനും സാധിക്കും. എങ്കിലും പദ്ധതി പാരിസ്ഥികമായി ദുർബലമായ പ്രദേശത്താണ് ഇവയെല്ലാം വരുന്നതെന്ന ആരോപണങ്ങളുയരുന്നുണ്ട്.
















































