കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിന് മുന്നോടിയായി പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അസുഖബാധിതനായ ഓപ്പണർ അഭിഷേക് ശർമ നാളെ ഇന്ത്യക്കായി കളിക്കണമെന്നാണ് തൻറെ ആഗ്രഹമെന്ന് പറഞ്ഞ പാക് നായകൻ സൽമാൻ ആഗയ്ക്ക് അതേരീതിയിൽ രസകരമായ മറുപടിയും നായകൻ നൽകി.
പാക്കിസ്ഥാനെതിരെ അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ, ഞങ്ങൾ അവനെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ തമാശ രൂപേണ പറഞ്ഞത്. ഇതോടെ അഭിഷേക് മത്സരത്തിന് പൂർണ്ണ സജ്ജനാണെന്ന സൂചനയും സൂര്യകുമാർ നൽകി.
അതേസമയം ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം. 24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിൻറെ പ്രതികരണം.
അതുപോലെ വിവാദ ബൗളിംഗ് ആക്ഷനുള്ള പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും സൂര്യയുടെ കയ്യിൽ മറുപടിയുണ്ടായിരുന്നു. ചിലപ്പോൾ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. താരിഖിൻറെ ബൗളിംഗ് രീതി വ്യത്യസ്തമാണ്, പക്ഷേ അയാൾക്ക് മുന്നിൽ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. വലിയ ആവേശത്തിലാണ് ടീമെന്നും സൂര്യകുമാർ പറഞ്ഞു.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ മധ്യനിര തകർന്നതിനെക്കുറിച്ചും സൂര്യകുമാർ പ്രതികരിച്ചു. തുടക്കത്തിൽ ബാറ്റിംഗിൽ ചില പിഴവുകൾ സംഭവിച്ചു എന്നത് യാഥാർത്ഥ്യമാണ്. അത് മറച്ചുവെക്കുന്നില്ല. ടീമിലുള്ളവരെല്ലാം ലോകോത്തര താരങ്ങളാണ്. പിച്ചിനും സാഹചര്യങ്ങൾക്കും അനുസരിച്ച് ഓരോരുത്തർക്കും സ്വന്തം പ്ലാനുകൾ ഉണ്ടാകണം. നമീബിയയ്ക്കും യുഎസ്എയ്ക്കുമെതിരെ ചെറിയ തകർച്ച ഉണ്ടായെങ്കിലും ടീം അത് മറികടന്നു. ടി20 ക്രിക്കറ്റിൻറെ പ്രത്യേകത തന്നെ ഇതാണെന്നും സൂര്യകുമാർ പറഞ്ഞു. കുൽദീപ് യാദവ് കളിക്കുമോ എന്ന ചോദ്യത്തിന് അവനെ കളിപ്പിക്കണോ എന്നാൽ കളിപ്പിക്കാം എന്നായിരുന്നു സൂര്യയുടെ മറുപടി. ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്.


















































