അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഭൂപടത്തിൽ പുതിയൊരു പേരുകൂടി എഴുതി ചേർക്കാം…കേപ് വെർദെ!! മുൻ ലോക ചാമ്പ്യൻമാരായ, നിലവിലെ യൂറോ ചാമ്പ്യൻമാരായ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനെ വെള്ളംകുടിപ്പിച്ച് വരിഞ്ഞുമുറുക്കിയ കാഴ്ച ലോകകപ്പ് പ്രേമികൾക്കുള്ള മനോഹരമായ വിരുന്നായിരുന്നു. ഒടുവിൽ അനിവാര്യമായ ഗോൾ രഹിത സമനിലയിൽ ഇരുവരും ഒപ്പുവച്ചുയ
ഏഴുതവണ കേപ് വെർദെയുടെ കോട്ട പൊളിക്കാൻ സ്പെയിൻ ഇരമ്പിയാർത്തെങ്ങിലും കാര്യമൊന്നുമുണ്ടായില്ല. ഗോൾ രഹിത സമനിലയിൽ കേപ് വെർദെ ചെമ്പടയെ പിടിച്ചുകെട്ടി. ആദ്യ പകുതിയിൽ പലപ്പോഴും മത്സരത്തിൽ താളം കണ്ടെത്താൻ പോലും സ്പെയിൻ വിഷമിച്ചു. കേപ് വെർദെയുടെ ഗോൾ മുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോൾകീപ്പർ വൊസിഞ്ഞ അതിമനോഹരമായി തകർത്തു. ഒരുതവണ പോലും ഗോൾ വല ചലിപ്പിക്കാൻ സ്‌പെയിനിന്റെ ആക്രമണ നിരയ്ക്കായില്ല. മത്സരത്തിലുടനീളെം കേപ് വെർദെ വൻമതിൽ തീർത്ത് നിൽക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ലമീൻ യമാൽ എത്തിയെങ്കിലും മത്സരഫലത്തിൽ മാറ്റമൊന്നുമുണ്ടായില്ല. സ്‌പെയിൻ നിരയിൽ പകരക്കാരനായാണ് യമാൽ ഇറങ്ങിയത്. എങ്കിലും ഫലം മാറ്റാനായില്ല. അതേസമയം ഫുട്‌ബോൾ ലോകത്തിന്റെ മുഴുവൻ കൈയടി നേടി നെഞ്ച് വിരിച്ചാണ് അരങ്ങേറ്റ മത്സരത്തിലൂടെ ഈ കുഞ്ഞൻ രാജ്യത്തിന്റെ പോക്ക്.















































