ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള കരസേന മുൻ തലവൻ ജനറൽ എംഎം നരവനേയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധം. നരവനേയുടെ പുസ്തകത്തിനൊപ്പം യുഎസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. രാഹുലിന്‍റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ മറുപടി. ബഹളം കനത്തതോടെ ലോക്സഭ ഇടയ്ക്കിടെ നിർത്തിവച്ചു.
ഇതിനിടെ കേന്ദ്രം പ്രസിദ്ധീകരിച്ചില്ലെന്നു പറഞ്ഞ ജനറൽ നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നു വ്യക്തമാക്കിയാണ് രാഹുൽ പുസ്തകം ഉയർത്തിയത്.
പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ രാഹുൽ നരവണെയുടെ പ്രസിദ്ധീകരിക്കാത്ത ‘മെമ്മോയർ’ ഉയർത്തിക്കാട്ടി. ഈ പുസ്തകം നിലവിലില്ലെന്ന സർക്കാർ വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു.
“ഈ പുസ്തകം ഇല്ലെന്ന് സ്പീക്കർ പറഞ്ഞു, സർക്കാർ പറഞ്ഞു, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജിയും പറഞ്ഞു. എന്നാൽ ഇന്ത്യയിലെ ഓരോ യുവാവും അറിയണം — ഈ പുസ്തകം നിലവിലുണ്ട്,” രാഹുൽ ഗാന്ധി പറഞ്ഞു. 2020-ലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും, സത്യം പുറത്തുവരണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശേഷം നരവനെയുടെ പുസ്തകം ഉയർത്തിയായിരുന്നു രാഹുൽ ഗാന്ധി സഭയ്ക്ക് അകത്ത് കയറിയതും. ഇത് വായിക്കാൻ അനുവദിക്കണം എന്ന് രാഹുൽ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല. ഇതോടെ വീണ്ടും സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഒടുവിൽ രണ്ട് മണിവരെ ലോക്സഭ നിർത്തിവച്ചു.
ഇതിനിടെ പാർലമെന്റ് കവാടത്തിന് പുറത്ത് ബിജെപി എംപി രവനീത് ബിട്ടവും രാഹുൽ ഗാന്ധിയും തമ്മിൽ കൊമ്പുകോർത്തു. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാർ സത്യാഗ്രഹം നടത്തുന്ന സ്ഥലത്തായിരുന്നു സംഭവം. വാക്പോരിനു തുടക്കമിട്ടത് ബിട്ടുവായിരുന്നു. യുദ്ധം ജയിച്ച് വന്നതാണോയെന്ന് സമരം ചെയ്യുന്ന എംപിമാരെ ബിട്ടു പരിഹസിച്ചതോടെയാണ് തുടക്കം. ബിട്ടു ചതിയനെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. രാഹുൽ രാജ്യത്തിന്‍റെ ശത്രു എന്ന് ബിട്ടു അഭിപ്രായപ്പെട്ടതോടെ പാർലമെന്‍റ് മകര കവാടത്തിൽ വാക്പോര് രൂക്ഷമായി. ഇതിനിടെ മറ്റ് എംപിമാർ ഇടപെട്ടതോടെ രംഗം ശാന്തമാക്കി.















































