കണ്ണൂർ : അതിവേഗ റെയിൽവേയുടെ നടപടികൾക്കെന്ന പേരിൽ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫിസ് തുടങ്ങിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റെയിൽവേ മന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തതിനാൽ ശ്രീധരന്റെ പരിപാടിക്ക് കേന്ദ്രം അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടി പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ലെന്നും കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും ഗോവിന്ദൻ പറഞ്ഞു.’ ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്. അദ്ദേഹത്തിന് വിമർശനാത്മകമായി മറുപടി നൽകും. കുഞ്ഞിക്കൃഷ്ണന്റെ കണക്ക് നോക്കേണ്ട കാര്യമില്ല. സിപിഎമ്മിന് കണക്കുണ്ട്. എല്ലാ കണക്കും പാർട്ടിയിൽ അവതരിപ്പിച്ചതാണ്. അത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. പുസ്തകത്തിൽ തോന്ന്യാസം എഴുതിവച്ചാൽ കേസ് കൊടുക്കേണ്ടി വരും’.എംവി ഗോവിന്ദൻ പറഞ്ഞു.
ശബരിമലസ്വർണ്ണക്കൊള്ളക്കേസിനെ സംബന്ധിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉയർത്തി. കെ.കരുണാകരനു പോലും കാണാൻ അനുവാദം കൊടുക്കാത്ത സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവർക്ക് അനുവാദം ലഭിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ആന്റോ ആന്റണി ഉൾപ്പെടെയുള്ളവരാണ് ഇവർക്കൊപ്പം സോണിയാ ഗാന്ധിയെ കണ്ടത്. എന്തിനാണ് സോണിയാ ഗാന്ധിയെ കണ്ടതെന്നും ആരാണ് സൗകര്യം ചെയ്തുകൊടുത്തതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. തന്ത്രി പിടിക്കപ്പെട്ടതോടെ ബിജെപി, കോൺഗ്രസ് എന്നിവരുടെ നേരെയാണ് അന്വേഷണം നീങ്ങുന്നത്. എസ്ഐടി അന്വേഷണത്തെക്കുറിച്ച് ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
















































