ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കവേ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി. ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് തന്റെ കാലുകൾ വെട്ടിയെടുത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സദാനന്ദൻ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് സഭയുടെ ഡെസ്കിൽ വച്ചത്.
ഇതോടെ കേരളത്തിൽനിന്നുള്ള ജോൺ ബ്രിട്ടാസ് രംഗത്തെത്തി. ഈ പ്രവൃത്തി സഭയുടെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് സഭാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടായിരുന്നു ബ്രിട്ടാസിന്റെ രംഗപ്രവേശം. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ തന്നെ ആക്രമിച്ചുവെന്ന് സദാനന്ദൻ സഭയിൽ പറഞ്ഞു. 31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളയുകയായിരുന്നു. അതിനാൽ എഴുന്നേറ്റുനിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സദാനന്ദൻ തന്റെ കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ചത്.
എനിക്കും ബലമുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ കുറേക്കാലമായി ഉപയോഗിക്കുന്നത് ഈ വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവരാണ് 31 വർഷം മുൻപ് തന്നെ ആക്രമിച്ചത്. സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം അണികൾ തന്റെ ഇരുകാലുകളും വെട്ടിയെടുത്തുവെന്നും സദാനന്ദൻ സഭയിൽ പറഞ്ഞു.
അതേസമയം സദാനന്ദൻ പ്രസംഗം തുടങ്ങിയതിനു പിന്നാലെ തന്നെ സഭയിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചു. കൃത്രിമ കാലുകൾ മേശപ്പുറത്ത് വെച്ചത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിൽ 200-ലധികം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആ അക്രമങ്ങളിലെ ഒരു പ്രതിയാണ് ഇപ്പോൾ സഭയിൽ ഇരിക്കുന്നതെന്നും ബ്രിട്ടാസ്, സദാനന്ദനെ ചൂണ്ടിക്കാട്ടി പറഞ്ഞു.
ഇടതു അംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മേശപ്പുറത്ത് വെച്ചിരുന്ന കൃത്രിമകാലുകൾ അവിടെനിന്നും മാറ്റാൻ ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ആവശ്യപ്പെട്ടതു പ്രകാരം സദാനന്ദൻ ഡെസ്കിൽ വച്ച കൃത്രിമക്കാലുകൾ താഴ്ത്തിവച്ചു. ജോൺ ബ്രിട്ടാസിനു അസഹിഷ്ണുതയാണെന്നും സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസംഗത്തിൽ സി. സദാനന്ദൻ പറഞ്ഞു.
അതുപോലെ ചർച്ചയ്ക്കിടെ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും സദാനന്ദൻ വിമർശനം ഉന്നയിച്ചു. യുവാക്കൾ നാടുവിടുന്നതുമൂലം കേരളം ഒരു വൃദ്ധസദനമായി മാറുകയാണെന്നും ശബരിമലയിൽ സർക്കാരിന്റെ അനുമതിയോടെ കൊള്ള നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.















































