ന്യൂഡൽഹി: ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച കോളേജ് പ്രിൻസിപ്പലിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി. ലക്ഷ്മിബായ് കോളേജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയുടെ ഓഫീസ് മുറിയുടെ ചുമരുകളിലാണ് ചാണകം തേച്ചുപിടിപ്പിച്ചത്. കോളേജിലെ ക്ളാസ് മുറികളിൽ പ്രിൻസിപ്പൽ ചാണകം തേച്ചതിന് പിന്നാലെയാണിത്. ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോളേജിലെ അദ്ധ്യാപകർ ചേർന്ന് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലിനെത്തുടർന്നാണ് ചാണകം തേച്ചതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം.
അതേസമയം പ്രത്യുഷ് വത്സല ക്ളാസ് മുറികളിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി പ്രിൻസിപ്പലിന്റെ മുറിയിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അനുമതിയില്ലാതെ ക്ളാസ് മുറികളിൽ ചാണകം തേച്ചതും ഖാത്രി ചോദ്യം ചെയ്തു. നിങ്ങൾക്ക് ഗവേഷണം ചെയ്യണമെങ്കിൽ സ്വന്തം വീട്ടിൽ ചെയ്യൂവെന്ന് ഖാത്രി പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിലുണ്ടായിരുന്ന അദ്ധ്യാപകനോട് പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
ഡൽഹിയിലെ ചൂടിനെ പ്രതിരോധിക്കാൻ താൻ പ്രിൻസിപ്പളിനെ സഹായിക്കുകയാണ് ചെയ്തതെന്ന് പിന്നീട് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ റോണക് ഖാത്രി വിശദീകരിച്ചു. ‘ഇനി മാഡം തന്റെ ഓഫീസ് മുറിയിലെ എസി ഉപേക്ഷിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആ എസി വിദ്യാർത്ഥികൾക്ക് കൈമാറുമെന്നും കോളേജ് തണുപ്പിക്കാൻ ആധുനിക സംവിധാനമായ ചാണകം ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു’-വീഡിയോയിൽ ഖാത്രി വ്യക്തമാക്കി. അതേസമയം, സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റിന്റെ പ്രവൃത്തിയിൽ ഡൽഹി യൂണിവേഴ്‌സിറ്റി അഡ്‌മിനിസ്ട്രേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.