ആലക്കോട്: പതിവില്ലാതെ പൂച്ച കരഞ്ഞത് ഒരു കുടുംബത്തിന്റെ ജീവൻ രക്ഷിച്ചു. ചവർണയിൽ ശനിയാഴ്ച പുലർച്ചെ 2.45നുണ്ടായ ഉരുൾപൊട്ടലിൽനിന്ന് കൊച്ചുപറമ്പിൽ നിത്യയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
രാത്രി മൂന്നുമണിയോടെ വീട്ടിലെ പൂച്ച പതിവില്ലാതെ കരയുന്നത് കേട്ടാണ് നിത്യയും കുടുംബവും ഉറക്കമുണർന്നത്. ശബ്ദം കേട്ട് എഴുന്നേറ്റെങ്കിലും വീണ്ടും കിടക്കാനൊരുങ്ങുന്നതിനിടെയാണ് വലിയ ശബ്ദത്തോടെ വീടിന്റെ മുറ്റവും വീടിന്റെ ഒരു ഭാഗവും ഇടിഞ്ഞുവീണത്.
പേടിച്ചുപോയ കുടുംബം ഉടൻ പുറത്തേക്കോടി പറമ്പിലൂടെ റോഡിലെത്തി. നിത്യ, ഭർത്താവ് ജിഷ്ണു, ജിഷ്ണുവിന്റെ അമ്മ ഷീലമ്മ, അഞ്ചുവയസ്സുകാരൻ ആദിദേവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട് ഇപ്പോൾ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇതിനിടെ ഇടിഞ്ഞ മണ്ണ് താഴേക്ക് കുത്തിയൊഴുകി കുടക്കച്ചിറ മാർട്ടിന്റെ വീടിന് മുകളിലേക്കും പതിച്ചു. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മാർട്ടിൻ അയൽവാസിയായ ബിനുവിനെ ഉച്ചത്തിൽ വിളിച്ചുണർത്തി. ശബ്ദം കേട്ട് അപകടം മനസ്സിലാക്കിയ ബിനു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കല്ലും മണ്ണും പതിച്ച് പരിക്കേറ്റു.
മാർട്ടിൻ സമയത്ത് വിളിച്ചില്ലായിരുന്നെങ്കിൽ ബിനുവിന്റെ ജീവനും അപകടത്തിലാകുമായിരുന്നു. മാർട്ടിന്റെയും ബിനുവിന്റെയും വീടുകൾ പൂർണമായും തകർന്നു. ഭാഗ്യംകൊണ്ടാണ് മൂന്ന് കുടുംബങ്ങളിലെയും ആളുകൾ രക്ഷപ്പെട്ടത്.
അപകടസ്ഥലത്തെത്തിയ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ദുരന്തത്തിന്റെ ദൃശ്യങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശനെ ലൈവായി വീഡിയോ കോളിലൂടെ കാണിച്ചു. ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.എൽ.എയ്ക്ക് ഉറപ്പുനൽകുകയും ചെയ്തു.


















































