തൊടുപുഴ: അവർ ഓടിയെത്തുമ്പോൾ ചുറ്റും കൂരിരുട്ടായിരുന്നു. നനഞ്ഞ ചെളിയുടെയും അരഞ്ഞ ചെടികളുടെയും ഗന്ധം മാത്രം. ഇതിനിടയിൽ എവിടെനിന്നോ ഒരു ഞരക്കം. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച—മൺകൂനയ്ക്കിടയിൽനിന്ന് പുറത്തേക്ക് നീണ്ടുനിന്ന ഒരു കൈ.
അത് രതീഷിന്റെ കൈയായിരുന്നു. കുടയത്തൂർ അടൂർമലയിലെ ഉരുൾപൊട്ടലിൽനിന്ന് മഷികല്ലേൽ രതീഷ് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.
ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് അച്ഛൻ രവിക്കും അമ്മ സുമതിക്കുമൊപ്പം വീടിന് പുറത്തേക്ക് ഓടാൻ ശ്രമിക്കുന്നതിനിടെയാണ് രതീഷ് മണ്ണിനും കല്ലിനുമിടയിൽപ്പെട്ടത്. ശരീരം മുഴുവൻ മണ്ണിൽ പുതഞ്ഞു. തലയ്ക്ക് തൊട്ടുമുകളിലായി ഒരു കോൺക്രീറ്റ് സ്ലാബും വന്ന് തങ്ങിനിന്നു.
ആ സ്ലാബാണ് രതീഷിന് മരണത്തിനും ജീവിതത്തിനുമിടയിലെ മറയായത്. മുഖത്തേക്ക് മണ്ണ് വീഴാതിരുന്നതിനാൽ അല്പാല്പമായി ശ്വാസമെടുക്കാൻ കഴിഞ്ഞു. അതാണ് മണിക്കൂറുകളോളം ജീവൻ നിലനിർത്താൻ സഹായിച്ചത്.
അപ്പോഴേക്കും താഴത്തെ വീട്ടിൽനിന്ന് ജമിനിഷ് കേശവും സുഹൃത്തും ദുരന്തസ്ഥലത്തേക്ക് ഓടിയെത്തി. ഇരുട്ടിനിടയിൽ നിലവിളി കേട്ട് ടോർച്ചിന്റെ വെളിച്ചം മൺകൂനകളിലേക്ക് തിരിച്ചതോടെയാണ് മണ്ണിനിടയിൽനിന്ന് ഉയർന്നുനിൽക്കുന്ന രതീഷിന്റെ കൈ ശ്രദ്ധയിൽപ്പെട്ടത്.
ചതുപ്പുപോലെ മാറിയ പ്രദേശത്തുകൂടി ഏറെ പണിപ്പെട്ടാണ് അവർ സ്ലാബിനടുത്തെത്തിയത്. ജീവൻ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനൊടുവിൽ രതീഷിനെ മണ്ണിനടിയിൽനിന്ന് പുറത്തെടുത്തു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
രതീഷിന്റെ ശരീരത്തിൽ ഒന്നിലധികം ഒടിവുകളും മുറിവുകളുമുണ്ട്. അതേസമയം, ഉരുൾപൊട്ടലിൽ രതീഷിന്റെ അമ്മ സുമതി മരിച്ചു.


















































