തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം ആചരിച്ച് കുടുംബം. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ നടന്നത്. ഷിജിനെ കാണാതായി 30 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മരിച്ചതായി കണക്കാക്കി കുടുംബം ചടങ്ങുകൾ നടത്തിയത്.
ജൂലൈ 31നാണ് വള്ളം മറിഞ്ഞതിനെ തുടർന്ന് ഷിജിനെ കടലിൽ കാണാതായത്. അന്നുമുതൽ നടത്തിയ തിരച്ചിലിലും ഷിജിനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് മരിച്ചതായി കണക്കാക്കി മുപ്പതാം ചരമദിനം ആചരിക്കാൻ കുടുംബം തീരുമാനിച്ചത്.
ഷിജിനെ കണ്ടെത്താനാകാത്തതിൽ പ്രതിഷേധിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാതായതോടെയാണ് ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.






