മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സായുധ സേനയിൽ റിക്രൂട്ട് ചെയ്യപ്പെട്ട 51 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യൻ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ സേവനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച വിവരങ്ങൾ പ്രകാരം 227 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതിൽ 139 പേരെ ഇതിനകം സൈന്യത്തിൽ നിന്ന് മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. എന്നാൽ 51 പേർ യുദ്ധത്തിനിടെ മരിച്ചതായാണ് സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം റഷ്യൻ സായുധ സേനയിൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്ന വിഷയം ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ തലങ്ങളിൽ പലതവണ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിക്രം മിസ്രി വ്യക്തമാക്കി. നിലവിൽ മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. റഷ്യൻ അധികൃതരുമായി നിരന്തരം ചർച്ച നടത്തി ശേഷിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈന്യത്തിൽ പോരാളികളായി മാത്രമല്ല, പാചകക്കാർ, സഹായികൾ തുടങ്ങിയ സപ്പോർട്ട് സ്റ്റാഫായും ചില ഇന്ത്യക്കാർ ജോലി ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇവരെ മോചിപ്പിക്കണമെന്ന് ഇന്ത്യ പലതവണ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ള വിദേശ ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ വാഗ്ദാനങ്ങളിലൂടെയോ സംശയാസ്പദമായ ഏജന്റുമാരിലൂടെയോ റഷ്യൻ സൈന്യത്തിൽ എത്തിപ്പെട്ട സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, റഷ്യ- യുക്രൈൻ യുദ്ധത്തിൽ മരിച്ചവരും കാണാതായവരും പരുക്കേറ്റവരുമായ ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ഏകോപനം നടത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയം പരിഗണിച്ചത്. യാത്രാ ഏജന്റുമാരുടെ വഞ്ചനയിലൂടെ ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ എത്തിപ്പെട്ടെന്നാരോപിച്ചുള്ള ഹർജിയിലാണ് കോടതി ഇടപെടൽ. യുദ്ധത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ നാട്ടിലെത്തിക്കുക, ബാധിത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക, യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ഏകോപിതമായ സഹായ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.






